ഒരേ ഒരു മിശിഹ മാത്രമേയുള്ളൂ; അവിടുന്ന് രക്ഷിച്ചവരില്‍ ഒരാള്‍ മാത്രമാണ് മെസി: 'മിശിഹ' വിശേഷണത്തില്‍ പ്രതികരണവുമായി അര്‍ജന്റീനയിലെ വൈദികന്‍

ഒരേ ഒരു മിശിഹ മാത്രമേയുള്ളൂ; അവിടുന്ന് രക്ഷിച്ചവരില്‍ ഒരാള്‍ മാത്രമാണ് മെസി: 'മിശിഹ' വിശേഷണത്തില്‍ പ്രതികരണവുമായി അര്‍ജന്റീനയിലെ വൈദികന്‍

പാപത്തിനും അതിന്റെ വിലയായ മരണത്തിനുമെതിരെയുള്ള പ്രധാന കളി യേശു ക്രിസ്തു വിജയിച്ചതാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണമെന്നും ഫാ. ക്രിസ്റ്റ്യന്‍ വിനാ.

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെപ്പറ്റിയുള്ള 'മിശിഹ' എന്ന വിശേഷണത്തില്‍ തിരുത്തലുമായി അര്‍ജന്റീനയില്‍ നിന്നുള്ള കത്തോലിക്ക വൈദികന്‍. ലോകത്ത് ഒരേയൊരു മിശിഹ മാത്രമേയുള്ളുവെന്നും ആ മിശിഹ രക്ഷിച്ചവരില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണ് മെസിയെന്നും ഫാ. ക്രിസ്റ്റ്യന്‍ വിനാ ഓര്‍മ്മിപ്പിച്ചു.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ മെസിയെ മിശിഹ എന്ന് വിളിക്കുന്നത് പതിവായ സാഹചര്യത്തിലാണ് വൈദികന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട് രംഗത്തു വന്നത്. നമുക്ക് വേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഏക രക്ഷകനാല്‍ തന്നെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നമ്മള്‍ ചാമ്പ്യന്‍മാര്‍ തന്നെയാണെന്നും ഫാ. ക്രിസ്റ്റ്യന്‍ വിനാ വ്യക്തമാക്കി.

തന്നെ മിശിഹാ എന്ന് വിളിക്കുമ്പോള്‍ മെസി അസ്വസ്ഥനാകുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, തന്റെ എല്ലാ കഴിവുകളും ദൈവത്തിന്റെ കൃപകൊണ്ട് മാത്രമാണെന്ന് മെസി തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ വൈദികന്‍, എന്തൊക്കെയായാലും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്‌നേഹിക്കുക, ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന ആദ്യ രണ്ടു കല്‍പ്പനകള്‍ നമ്മള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു.

പാപത്തിനും അതിന്റെ വിലയായ മരണത്തിനുമെതിരെയുള്ള പ്രധാന കളി യേശു ക്രിസ്തു വിജയിച്ചതാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. കായിക താരങ്ങളേയും സംഗീതജ്ഞരേയും സ്‌നേഹിക്കുന്നതു പോലെ ക്രിസ്തുവിനെ സ്‌നേഹിക്കുവാന്‍ നമ്മുടെ യുവതലമുറക്ക് കഴിയുന്നുണ്ടോ? വലിയ നന്മകള്‍ക്ക് വേണ്ടിയുള്ള ത്യാഗങ്ങളെ കുറിച്ച് നമ്മുടെ യുവതലമുറയെ നാം പഠിപ്പിക്കുന്നുണ്ടോ?

നമ്മള്‍ ധീരതയുള്ളവരും വിശുദ്ധരും ആകുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് കാട്ടുവാനുള്ള സമയം സമാഗതമായെന്ന് പറഞ്ഞ ഫാ. വിനാ വിശുദ്ധിയും അവിശുദ്ധിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ലയണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും ജനിച്ച റൊസാരിയോ പ്രവിശ്യയില്‍ തന്നെയാണ് ഫാ. ക്രിസ്റ്റ്യന്‍ വിനയും ജനിച്ചത്.

ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞ താരമാണ് ലയണല്‍ മെസി. ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ 'ഡിയാരിയോ ഒലെ'ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസി തുറന്നു പറഞ്ഞിരുന്നു.

എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാമെന്നും വരുവാനിരിക്കുന്നത് വരുമെന്നും ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.