ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം ഇന്ന് നടക്കും. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ചരിത്രത്തിലാദ്യമായി സെമി കടക്കുന്ന ആഫ്രിക്കൻ രാജ്യമെന്ന ഖാതിയോടെ വമ്പന്മാരെ ആട്ടിമറിച്ചെത്തിയ മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം.
വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളിലൂടെ ഈ ലോകകപ്പിന്റെ ഗതിയെ സ്വാധീനിച്ചവരാണ് ഇരുനിരയും. പല വമ്പന്മാരുടെയും വിധി നിർണയിച്ചവരും. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. അവർ വീണ്ടും മുഖാമുഖം വരുമ്പോൾ ഖത്തർ ലോകകപ്പിലെ 'ലൂസേഴ്സ് ഫൈനൽ' ഒരിക്കലും ഒരു വെറും മത്സരമായിരിക്കില്ല.
അർജന്റീനക്കെതിരായ സെമിഫൈനലിൽ പരിക്കേറ്റ മിഡ്ഫീൽഡർ മാർസലോ ബ്രൊസോവിച് പ്ലേ ഓഫ് മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. പകരം ലോവ്റൻ ക്രിസ്റ്റ്യൻ ജാക്കിച്ചോ പ്ലേയിങ് ഇലവനിലെത്തും. അന്നത്തെ കളിയിൽ ലയണൽ മെസ്സിക്കുമുന്നിൽ നിരായുധനായ യുവ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളും പരിക്കു കാരണം കരക്കിരിക്കും. പകരം ജോസിപ് സുതാലോ സെൻട്രൽ ഡിഫൻസിൽ ലോവ്റനൊപ്പം കോട്ട കാക്കാനിറങ്ങും.
മോഡ്രിചും മാറ്റിയോ കൊവാസിചും നികോള വ്ലാസിചും നയിക്കുന്ന മിഡ്ഫീൽഡിനു മുന്നിൽ ഗോളിലേക്ക് നിറയൊഴിക്കാൻ കാത്തിരിക്കുമ്പോൾ ഇവാൻ പെരിസിച് ഒരു റെക്കോഡിലേക്ക് കൂടി ഉന്നംപിടിക്കുന്നുണ്ട്. ലോകകപ്പിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡ്. ആറു ഗോളുകളുമായി ഡാവേർ സൂക്കറിനൊപ്പമാണിപ്പോൾ ടോട്ടൻഹാം താരമായ പെരിസിച്.
മൊറോക്കോയാകട്ടെ സെമിയിൽ തങ്ങളെ ഉലച്ചുകളഞ്ഞ പരിക്കിൽനിന്ന് മുക്തരായിട്ടില്ല. നുസൈർ മസ്റൂയി, റൊമെയ്ൻ സെയ്സ്, നായിഫ് അഗിയൂർദ് എന്നീ പ്രമുഖ താരങ്ങളാണ് സെമിയിൽ പരിക്കുകാരണം തിരിച്ചുകയറിയത്. ഇവരിൽ അഗിയൂർദ് കളിക്കുമുമ്പേ പിന്മാറിയിരുന്നു. സെയ്സിനെ 20-ാം മിനിറ്റിലും മസ്റൂയിയെ ഹാഫ്ടൈമിലും വാലിദ് റെഗ്റാഗി പിൻവലിക്കുകയായിരുന്നു.
എന്നിട്ടും, കരുത്തരായ ഫ്രാൻസിനെ വിറപ്പിച്ച കളി പുറത്തെടുക്കാൻ മൊറോക്കോക്ക് കഴിഞ്ഞു. ആ ആത്മവിശ്വാസത്തിലാകും ആക്രമണാത്മകമായ 4-3-3 ഫോർമേഷനിൽ പ്ലേഓഫിലും റെഗ്റാഗി ടീമിനെ വിന്യസിക്കുന്നത്. പരിക്കേറ്റ മൂവരും ശനിയാഴ്ച കളിക്കിറങ്ങാനിടയില്ല. യഹിയ അതീയത്തുല്ലയും സലീം ആമല്ലയും സ്റ്റാർട്ടിങ് ഇലവനിലെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.