സമ്മര്‍ദ്ദം താങ്ങാനാകാതെ വിതുമ്പിക്കരഞ്ഞ് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി; വീഡിയോ

സമ്മര്‍ദ്ദം താങ്ങാനാകാതെ വിതുമ്പിക്കരഞ്ഞ് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി; വീഡിയോ

ദോഹ: ഏറെ പ്രതീക്ഷയോടെ അര്‍ജന്റീന ഇന്ന് ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങവേ കോച്ച് ലയണല്‍ സ്‌കലോണി സമ്മര്‍ദ്ദം താങ്ങാനാകാതെ വിതുമ്പിക്കരഞ്ഞു. തന്റെ ജന്മ നാടായ പ്യൂജാറ്റോയിലെ ആരാധകരോട് ശനിയാഴ്ച്ച സംസാരിക്കവേയാണ് നിയന്ത്രണം വിട്ട് സ്‌കലോണി വിങ്ങിപ്പൊട്ടിയത്.

ആരാധകര്‍ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സ്‌കലോണിയുമായി പങ്കുവക്കയ്ക്കുകയായിരുന്നു. 'ഞാനൊരു കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു പോയി. എന്റെ നഗരത്തിലെ എല്ലാ മനുഷ്യര്‍ക്കും ആശംസകള്‍. നമ്മള്‍ മറക്കാനാകാത്ത ഒരു മുഹൂര്‍ത്തത്തിലാണ്. അതിന്റെ സമ്മര്‍ദ്ദവുമുണ്ട്.'-സ്‌കലോണി പറഞ്ഞു.

ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സന്തോഷം നല്‍കാനാവുമെന്നാണ് പ്രതീക്ഷ. കളിക്കാര്‍ അതിനായി പൂര്‍ണമായും സമര്‍പ്പിച്ചവരാണ്. വിജയിച്ച് എല്ലാവര്‍ക്കും അഭിമാനിക്കാനാവുന്ന നേട്ടത്തില്‍ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സ്‌കലോണി പറഞ്ഞു.

ഖത്തര്‍ ലോകകപ്പിനെത്തിയ പരിശീലകരിലെ പ്രായം കുറഞ്ഞയാളാണ് അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി. ജോര്‍ജെ സാംപോളിയുടെ കോച്ചിങ് സ്റ്റാഫില്‍ അംഗമായാണ് സ്‌കലോണി രംഗത്തെത്തുന്നത്. 2018 ലോകകപ്പില്‍ അര്‍ജന്റീന പുറത്തായപ്പോള്‍ അതേ സാംപോളിക്ക് പകരക്കാരനായി പാബ്ലോ അയ്മര്‍ക്കൊപ്പം ദേശീയ ടീമിന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തു.

പിന്നാലെ ടീമിന്റെ സ്ഥിരം കോച്ചായി. കോപ അമേരിക്കയില്‍ മൂന്നാം സ്ഥാനവുമായി തുടങ്ങി 2021 കോപയില്‍ ബ്രസീലിനെ തോല്‍പിച്ച് സ്‌കലോണിയുടെ ടീം കപ്പടിച്ചു. പിന്നാലെ ഫൈനലിസിമയില്‍ ഇറ്റലിയെ തോല്‍പിച്ചും കിരീടം ചൂടി. അര്‍ജന്റീനയെ 60 മത്സരങ്ങളില്‍ പരിശീലിപ്പിച്ച സ്‌കലോണിക്ക് 41 വിജയങ്ങളുണ്ട്.

ലയണല്‍ മെസിയെ മാത്രം ചുറ്റിപ്പറ്റി നിന്ന അര്‍ജന്റീന ടീമിനെ സൂപ്പര്‍ താരത്തിന്റെ പ്രാധാന്യം കുറക്കാതെ തന്നെ മറ്റുള്ളവരെ കൂടി മികച്ച രീതിയില്‍ ഉപയോഗിക്കുന്ന കളി സംഘമാക്കി മാറ്റി എന്നതാണ് സ്‌കലോണിയുടെ വിജയം. മെസിയടക്കമുള്ള കളിക്കാരുമായുള്ള മികച്ച വ്യക്തിബന്ധവും ആശയ വിനിമയവും സ്‌കലോണിയുടെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്.

കോച്ചിന്റെ ചുമതല ഏറ്റെടുക്കുന്നതിന് വളരെ മുമ്പുതന്നെ ലയണല്‍ സ്‌കലോണി അര്‍ജന്റീനയുടെ കുപ്പായം ധരിച്ചിരുന്നു. 1997 ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍-20 ലോകകപ്പ് ജേതാക്കളായി. പിന്നീട് 2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.