ബ്യൂണസ് ഐറിസ്: കാത്തിരിന്നു മെലിഞ്ഞ ബ്യൂണസ് ഐറിസിലെ നീർതടങ്ങൾ ഇന്നലെ മുതൽ നീലക്കടലായിരുന്നു. 36 വർഷത്തെ ഇടവേളക്ക് ശേഷം സാൻ ജുവാൻ താഴ്‌വരയിൽ സൂര്യോദയം കണ്ടതിന്റെ ആഹ്ലാദതിമിർപ്പിലാണ് അവർ. ആ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് ആൽബിസെലസ്റ്റികൾക്ക് അറിയില്ല. കാരണം, രാജ്യത്തെ ഈ സൂര്യോദയം അവർ അത്രമേൽ ആഗ്രഹിച്ചിരുന്നു.
പ്രാണവായുവില്‍ പോലും ഫുട്‌ബോള്‍ ആവേശമുള്ള ഒരു നാടിന് ലോകകിരീടം ചൂടാന്‍ കാത്തിരിക്കേണ്ടി വന്നത് നീണ്ട 36 വര്‍ഷങ്ങളാണ്. കിരീടമില്ലെന്ന ആക്ഷേപങ്ങൾക്ക് അവരുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന ഫുട്ബോളിന്റെ രാജകുമാരന്റെ കൈകളില്‍ കപ്പ് അമരുമ്പോള്‍ അര്‍ജന്റീനിയന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ കടലിരമ്പി. പതാക കാറ്റില്‍ പാറിപ്പറന്നു. ഇതിഹാസപ്പിറവിയുടെ ആരവമായി അത് ലോകമെങ്ങും അലയടിച്ചു.
പെനാലിറ്റി സമയത്ത് കളി കാണാന്‍ ധൈര്യം പോലുമില്ലാതെ പലരും മുഖം പൊത്തിനിന്നിരുന്നു. കുറച്ചുപേരൊക്കെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് വളരെപ്പെട്ടെന്ന് തിരികെ വന്നു. അവര്‍ അര്‍ജന്റീനയെന്നും മെസിയെന്നും അലറി. വികാരങ്ങളുടെ റോളര്‍ കോസ്റ്റില്‍ പെട്ടിരുന്ന ഭൂരിഭാഗം പേര്‍ക്കും സംഭവിച്ചത് സ്വപ്‌നമോ സത്യമോ എന്ന് മനസിലാക്കാന്‍ സമയമെടുത്തു.
പെട്ടന്ന് തന്നെ തെരുവുകള്‍ ജനസാഗരങ്ങളായി. എങ്ങും നീലയും വെള്ളയും മാത്രമായി. ഫുട്‌ബോള്‍ ആരാധകരില്‍ പലരും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ മറഡോണയേയും ഓര്‍ത്തു. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് ഈ വിജയം കണ്ട് ആഹ്ലാദിക്കുമെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന് പ്രതികരണം തേടിയെത്തിയ അന്താരാഷ്ട്ര മാധ്യമങ്ങളോട് ജനങ്ങള്‍ പറഞ്ഞു. ഇത്തവണ വിജയം ഞങ്ങളുടേതാണെന്ന് ഉറപ്പിച്ചിരുന്നെന്നും ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.
പ്രസിഡന്റ് ആര്‍ബേര്‍ട്ടോ ഫെര്‍ണാണ്ടസും ആഘോഷത്തില്‍ നിന്ന് മാറി നിന്നില്ല. നമ്മള്‍ വിട്ടുകൊടുക്കില്ലെന്ന് തെളിയിച്ച ടീമിനോട് കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ മികച്ച ജനതയാണ്. നമ്മുക്ക് മികച്ച ഭാവിയുമുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അര്‍ജന്റീന സ്വന്തമാക്കിയ സ്വപ്‌ന നേട്ടത്തെ മനസ് തുറന്ന് അഭിനന്ദിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ഇലക്ട് ലുല ഡിസെല്‍വയും മറന്നില്ല. അര്‍ജന്റീന്‍ അയല്‍ക്കാരുടെ വിജയത്തില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ലുല ട്വീറ്റ് ചെയ്തു. അര്‍ജന്റീനിയന്‍ സഹോദരങ്ങള്‍ക്ക് ഗാഢമായ ഒരു ആലിംഗനം നല്‍കുന്നുവെന്നായിരുന്നു ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി പിണറായി വിജയനും അർജന്റീനയെ അഭിനന്ദിച്ചു. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് പിണറായി വിജയനും തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്കു കാത്തിരിക്കാം.
ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സിയിലൂടെ നിറവേറിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.