ട്രിപ്പോളി: തീവ്രവാദി സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിലെ 17 മുൻ അംഗങ്ങൾക്ക് വധശിക്ഷ വിധിച്ച് ലിബിയൻ കോടതി. പടിഞ്ഞാറൻ നഗരമായ സബ്രതയിൽ 53 പേരെ കൊലപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായവർക്കാണ് വധശിക്ഷ വിധിച്ചതെന്ന് ട്രിപ്പോളി ആസ്ഥാനമായുള്ള ടോപ്പ് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിൽ പറയുന്നു.
ശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. കൂടാതെ 16 തീവ്രവാദികൾക്ക് തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേർക്ക് ജീവപര്യന്തം ശിക്ഷയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ആഭ്യന്തര യുദ്ധം ഉൾപ്പെടെ നടമാടുന്ന സ്ഥിതിവിശേഷമാണുള്ളത്.
വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം ലിബിയ രണ്ട് എതിരാളികൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ട്രിപ്പോളിയിലും കിഴക്കൻ ലിബിയയിലും അധികാരികൾ തമ്മിലുള്ള ഭിന്നത വ്യാപകമായ നിയമ രാഹിത്യത്തിലേക്ക് നയിക്കുകയുണ്ടായി. ലിബിയയിൽ ദീർഘകാലം അധികാരത്തിൽ ഇരുന്ന മൊഅമ്മർ ഗദ്ദാഫിയെ അട്ടിമറിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്‌ത 2011ലെ കലാപത്തിന് ശേഷം തീവ്രവാദ സംഘം ലിബിയയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചത്.
ആഭ്യന്തര യുദ്ധങ്ങൾക്കിടയിൽ രാജ്യത്ത് പല മത-സൈനിക ഗ്രൂപ്പുകളും ശക്തിപ്രാപിച്ചു. തട്ടിക്കൊണ്ട് പോകലും കൊലപാതകവും രാജ്യത്ത് നിത്യസംഭവങ്ങളായി മാറി. രാജ്യത്ത് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് തീവ്രവാദ ഗ്രൂപ്പുകൾ പണം കണ്ടെത്തി വരുന്നത്.
ഇതിനിടെ രാജ്യത്ത് ഐഎസിന്റെ സാന്നിധ്യവും ശക്തമായി. 2014 ല്‍ ഐഎസ് തീവ്രവാദികൾ ആദ്യം ഡർണയും പിന്നീട് സിർത്തും സബ്രത നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കി.
എന്നാൽ സിറിയ, ഇറാഖ് എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി, അരാജകത്വത്തിൽ നിന്ന് ലാഭമുണ്ടാക്കാനും ലിബിയയുടെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കാനും പ്രദേശത്ത് ശക്തമായ വേരോട്ടം ഉണ്ടാക്കുവനും ഐഎസിന് കഴിഞ്ഞിരുന്നില്ല. പകരം എണ്ണ സമ്പന്നമായ വടക്കേ ആഫ്രിക്കൻ രാജ്യത്തുടനീളമുള്ള ഭരണ സിരാകേന്ദ്രങ്ങളിൽ മാത്രമായി സംഘം പരിമിതപ്പെട്ടു.
ഗോത്രവർഗങ്ങളുമായി ബന്ധിക്കപ്പെട്ടിരുന്ന ലിബിയയുടെ നിരവധി സായുധ സേനകളുടെ മേൽ മേധാവിത്വം നേടാൻ ഐഎസിന് കഴിഞ്ഞില്ല. എങ്കിലും സബ്രതയ്ക്ക് പുറത്ത് നിരവധി ഐഎസ് പരിശീലന ക്യാമ്പുകൾ തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
2016 ന്റെ തുടക്കത്തിൽ, ഐഎസിലെ ടുണീഷ്യക്കാരായ 700 ഓളം തീവ്രവാദികള്‍ ഇവിടം താവളമായി ഉപയോഗിച്ചിരുന്നു. 2016 മാർച്ചിൽ 12 ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവെട്ടുകയും, ഈ മൃതദേഹങ്ങൾ കൊണ്ടിട്ട് റോഡുകൾ തടയുകയും ചെയ്‌തുകൊണ്ടായിരുന്നു ഐഎസ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്. പിന്നീട് പലപ്പോഴായി സിര്‍ട്ടയില്‍ തലവെട്ടി കൊലകളുടെ പരമ്പരകള്‍ തന്നെ അരങ്ങേറി.
2016 ഏപ്രില്‍ മാസമാകുമ്പോഴേക്കും ഏകദേശം ആറായിരത്തോളം വരുന്ന ആളുകളെ ഐഎസ് റിക്രൂട്ട് ചെയ്തെന്ന് അമേരിക്കൻ സൈനിക വിദഗ്ദര്‍ പറയുന്നു. എന്നാല്‍, 2016 ല്‍ സൈന്യം ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ അവരുടെ ശക്തി കേന്ദ്രമായ തീരദേശ നഗരമായ സിര്‍ത്തില്‍ നിന്ന് ഉള്‍നാടുകളിലേക്ക് വലിഞ്ഞു.
എങ്കിലും സബ്രതയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ തീവ്രവാദികൾ പരിമിതമായ സാന്നിധ്യം നിലനിർത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി സബ്രതയ്ക്ക് സമീപമുള്ള ഐഎസ് പരിശീലന ക്യാമ്പിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ നിരവധി ഐഎസ് ക്യാമ്പുകള്‍ നാമാവശേഷമായി.
വ്യോമാക്രമണത്തില്‍ ഏകദേശം നാൽപ്പതോളം ഐഎസ് തീവ്രവാദികള്‍ മരിച്ചതായി കണക്കാക്കുന്നു. തുടര്‍ന്നിങ്ങോട്ട് ഓരോ വര്‍ഷവും സൈന്യവും ഐഎസ് തീവ്രവാദികളും തമ്മിൽ ചെറുതും വലുതുമായ നിരവധി പോരാട്ടങ്ങളാണ് നടന്നിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.