മാതാപിതാക്കള്‍ക്ക് ഏറെ ടെന്‍ഷനുണ്ടാക്കുന്ന കാലമാണ് മക്കള്‍ കൗമാരത്തിലേക്ക് കടക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഒരു സമയം നമ്മുടെ വിരൽത്തുമ്പ് പിടിച്ചു നടന്ന കുട്ടിക്കുറുമ്പന്‍മാര്‍ക്കും കുറുമ്പത്തികള്‍ക്കും ഉണ്ടാവുന്നത്. നാം ശ്രദ്ധയോടെ പെരുമാറിയില്ലെങ്കില്‍ കുട്ടികളുമായുള്ള ഊഷ്മളമായ സ്നേഹബന്ധത്തില്‍ വിള്ളല്‍ വീഴാനും അവര്‍ ചതിക്കുഴികളില്‍ വീഴാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആദ്യം തന്നെ കുട്ടികള്‍ കൗമാരത്തിലെത്തുമ്പോള്‍ അവര്‍ക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മാതാപിതാക്കള്‍ സ്വയം തിരിച്ചറിയണം. പണ്ടുണ്ടായിരുന്ന പെരുമാറ്റ രീതിയോ ക്ഷമയോ ഒന്നും ഈ പ്രായത്തില്‍ കാണണമെന്ന് ഇല്ല. കൗമാരത്തിലേക്ക് കടക്കുമ്പോള്‍ കുട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും മാറും. അത് വ്യക്തിപരമായി എടുക്കരുതെന്നും അവരുടെ മേല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും മാതാപിതാക്കള്‍
മനസിലാക്കേണ്ടതുണ്ട്.
കൂടുതലായും കൗമാരക്കാരായ ആണ്‍കുട്ടികളോടുള്ള അടുപ്പം മാതാപിതാക്കള്‍ക്ക് കുറയാറുണ്ട്. ചിന്തകളില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍, അശ്രദ്ധ, ആരോടും ആലോചിക്കാതെ എടുത്തു ചാടുന്ന പ്രകൃതം ഇവയൊക്കെയാകും നിങ്ങളെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. ഒരു കാര്യം മനസിലാക്കുക മിക്ക കൗമാരക്കാരും നിയന്ത്രണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വന്തം ലോകത്ത് പാറിപ്പറന്ന് നടക്കാനാണ് ഈ സമയം ഇഷ്ടപ്പെടുക. എന്നാല്‍ ഇതൊന്നും മാതാപിതാക്കള്‍ വകവച്ച് കൊടുക്കാറില്ല. ഇത് മിക്കപ്പോഴും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ആഴത്തിലുള്ള ഉത്കണ്ഠ, നീരസം, പരാജയ ബോധം, അരക്ഷിതാവസ്ഥ എന്നിവ അനുഭവപ്പെടുന്നതിന് കാരണമാകുന്നു.
കുട്ടികളെ അപമാനിക്കരുത്
കൗമാരക്കാരാണെങ്കിലും അവരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്ള വ്യക്തിയാണെന്ന് തിരിച്ചറിവ് വേണം. തെറ്റ് ചൂണ്ടിക്കാണിക്കാതെ അപമാനിക്കുന്നത് മക്കളുടെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കും. പലതരത്തിലുള്ള വികാരങ്ങള്‍ മാറിമാറി വരുന്ന സമയമാണ് കൗമാര പ്രായം. നിരാശയും സങ്കടവും ദേഷ്യവും പലപ്പോഴും പ്രകടിപ്പിച്ചെന്ന് വരാം. അപ്പോഴൊക്കെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഒരുമിച്ച് കണ്ടെത്താമെന്ന് പറഞ്ഞ് കൂടെ നില്‍ക്കണം.
രക്ഷിതാക്കള്‍ വിഷമിക്കാതിരിക്കുക
മാതാപിതാക്കള്‍ വിഷമിച്ചിരിക്കുന്നത് അവരെ ചിലപ്പോള്‍ വിഷമിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തേക്കും.
എപ്പോഴും പോസിറ്റീവ് എനര്‍ജി മക്കളുടെ ചുറ്റും നിറക്കാന്‍ ശ്രമിക്കണം. അതിന് അവര്‍ക്ക് സന്ദേശങ്ങള്‍ ധാരാളമുള്ള ജീവിത കഥകള്‍ പറഞ്ഞു കൊടുക്കാം. തോറ്റു പോകും എന്ന ചിന്തയില്‍ നിന്ന് അവരെ കരകയറ്റാന്‍ ഒരു പക്ഷേ അത് മതിയാകും.
സമയം കണ്ടെത്തുക
കുട്ടി പറയുന്നത് ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. കുട്ടിക്ക് വേണ്ടി നിങ്ങള്‍ സമയം കണ്ടെത്തുകയും അവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുകയും വേണം
താരതമ്യം അരുത്
കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. കുട്ടിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും കുറയ്ക്കുന്നു. കുട്ടികളോടുള്ള സ്നേഹം തുറന്ന് പ്രകടിപ്പിക്കുക. നിങ്ങള്‍ക്ക് കുട്ടികളുടെ രീതികള്‍ എങ്ങനെ അനുഭവപ്പെടുന്നുവെന്നത് അവരെ ധരിപ്പിക്കുക
നല്ല സൗഹൃദങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം
മക്കള്‍ക്ക് നല്ല സുഹൃദ് ബന്ധങ്ങള്‍ ഉണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. മനസിലെ ഓരോ കാര്യങ്ങളും ഷെയര്‍ ചെയ്താല്‍ അവനിലെ വ്യക്തി വളരും. അവന്‍ ഒരു നല്ല സാമൂഹിക ജീവിയാകും. അതേസമയം അവന്റെ സൗഹൃദ വലയവും സുഹൃദ് കേന്ദ്രങ്ങളും നല്ലതാണ് എന്നുകൂടി ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ അവന്റെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്കും നല്ല ബന്ധമുണ്ടാവണം. അവരെ ഇടക്ക് വീട്ടിലേക്ക് ക്ഷണിക്കണം. എല്ലാം സംസാരിച്ചറിയണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.