ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ഈ കാര്യങ്ങള്‍ ശീലിച്ച് നോക്കാം

ജീവിതത്തില്‍ സന്തോഷവാനായിരിക്കാന്‍ ഈ കാര്യങ്ങള്‍ ശീലിച്ച് നോക്കാം

ഒരു മനുഷ്യന്റെ ജീവിതത്തിലെ സമ്പത്ത് എന്ന് പറയുന്നത് ആ വ്യക്തിയുടെ ജീവിതത്തിലെ സന്തോഷമാണ്. അങ്ങനെ സന്തോഷവാനായിരിക്കാന്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്‍പ്പം ശ്രദ്ധിച്ച് മാനസിക സമ്മര്‍ദം ഒഴിവാക്കിയാല്‍ തന്നെ നമ്മുടെ ജീവിതത്തില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കും.

1) നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കരുത്

നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റാര്‍ക്കും മനസിലാക്കാന്‍ കഴിയില്ല. അതാര്‍ക്കും ഊഹിച്ചെടുക്കാമെന്ന് വിചാരിക്കുകയും ചെയ്യരുത്. നമ്മുക്ക് ആവശ്യമുള്ളതോ നിങ്ങള്‍ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങള്‍ ആദരവോടെ മറ്റുള്ളവരോട് സ്വയം ആവശ്യപ്പെടുക. അല്ലാതെ നിങ്ങള്‍ പറയാതെ അവ മറ്റുള്ളവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുത്.

2) എല്ലാവരും നിങ്ങളോട് യോജിക്കുമെന്ന് പ്രതീക്ഷിക്കരുത്

ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. എല്ലാവര്‍ക്കും പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരുപക്ഷേ ചില അഭിപ്രായങ്ങളോടെങ്കിലും യോജിക്കാതിരുന്നെന്ന് വരാം. ചിലപ്പോഴൊക്കെ ചില ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ബഹുസ്വരതയെ മാനിക്കണം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ ശ്രദ്ധിക്കുകയും അവ കൂടി മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

3) മറ്റുള്ളവര്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നത് നിര്‍ത്തുക

നിങ്ങളല്ലാതെ മറ്റാര്‍ക്കും നിങ്ങളെ നിയന്ത്രിക്കാനോ മാറ്റാനോ കഴിയില്ല. അതിനാല്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കായി അവരുടെ ശീലങ്ങള്‍, പെരുമാറ്റങ്ങള്‍, വ്യക്തിത്വങ്ങള്‍ അല്ലെങ്കില്‍ മനോഭാവങ്ങള്‍ എന്നിവ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സ്വയം മനസിലാക്കുക.

അവരെ അതേപടി സ്വീകരിക്കുക അല്ലെങ്കില്‍ മുന്നോട്ട് പോകുക. നിങ്ങളുടെ തനത് രീതിയിലേക്ക് അവയെ രൂപപ്പെടുത്താന്‍ ശ്രമിക്കരുത്. സ്വയം മെച്ചപ്പെടുത്തുന്നതിലും നിങ്ങളുടെ മാതൃകയിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മഹത്തായ വീക്ഷണം.

4) നിങ്ങളെ സന്തോഷിപ്പിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് നിര്‍ത്തുക

സന്തോഷം മനസിന്റെ ഒരു അവസ്ഥയാണ്. നമ്മുടെ സന്തോഷത്തിന് നാം തന്നെ ഉത്തരവാദിയായിരിക്കണം. നിങ്ങളുടെ വൈകാരികമോ മാനസികമോയായ ആവശ്യങ്ങള്‍ക്കായി മറ്റുള്ളവര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാര്‍ത്ഥ്യമല്ല. നിങ്ങളുടെ സന്തോഷം കണ്ടെത്തി മറ്റുള്ളവരുമായി പങ്കിടുക. നിങ്ങളുടെ അതൃപ്തിക്ക് മറ്റുള്ളവരെ കുറ്റപ്പെടത്തുകയും ചെയ്യരുത്.

5) മറ്റുള്ളവര്‍ കുറ്റമറ്റവരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് നിര്‍ത്തുക

ഈ സമൂഹത്തില്‍ ആരും പൂര്‍ണരല്ല. അവര്‍ തികഞ്ഞവരായിരിക്കുമെന്നോ നമ്മുടെ അമിതമായ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കുമെന്നോ പ്രതീക്ഷിക്കരുത്. മറ്റ് വ്യക്തികളുടെ കഴിവുകളെ അഭിനന്ദിക്കുമ്പോള്‍ തന്നെ അവരുടെ കുറവുകള്‍ കൂടി അംഗീകരിക്കുക. അവരെ നിരന്തരം വിമര്‍ശിക്കുകയോ കഠിനമായ വിധിക്കുകയോ ചെയ്യരുത്. അവരോട് ക്ഷമിക്കുകയും അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും ചെയ്യുക.

നിങ്ങള്‍ കൂടുതല്‍ സ്വയം പര്യാപ്തരും അവബോധമുള്ളവരും അനുകമ്പയുള്ളവരുമായിരിക്കണം. ഫലപ്രദമായി ആശയവിനിമയം നടത്താനും മറ്റുള്ള വ്യക്തികളുടെ വ്യത്യാസങ്ങള്‍ മനസിലാക്കാനും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും തയാറാകുക.

കൂടാതെ നിങ്ങളുടെ ഉള്ളില്‍ സന്തോഷം കണ്ടെത്തുന്നതിനൊപ്പം സ്വന്തം കുറവുകളെ അംഗീകരിക്കാനും കഴിയണം. അപ്പോള്‍ ജീവിതത്തില്‍ കൂടുതല്‍ സമാധാനവും ഐക്യവും സന്തോഷവും ആസ്വദിക്കാന്‍ അവസരം ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.