സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പം ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത്: ഹൈക്കോടതികള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പം ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത്: ഹൈക്കോടതികള്‍ക്ക് നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികള്‍ക്ക് പുതിയ നിര്‍ദേശവുമായി സുപ്രീം കോടതി. സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് എന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. ക്രിമിനല്‍ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും പരിഗണിച്ച് വേണം ഹൈക്കോടതികള്‍ ജാമ്യം നല്‍കേണ്ടത്. പട്‌ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ കണക്കിലെടുക്കണം. ആദ്യത്തേത് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുക എന്നതാണ്. സ്ഥിരം കുറ്റവാളികള്‍ ആണെങ്കില്‍ ജാമ്യം നിഷേധിക്കാം. കുറ്റത്തിന്റെ തീവ്രതയാണ് രണ്ടാമതായി പരിശോധിക്കേണ്ടത്. മുന്‍പ് കുറ്റം ചെയ്തിട്ടില്ലാത്തവരാണെങ്കിലും ക്രൂര കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കുന്നത് ശ്രദ്ധിച്ചു വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജയിലല്ല ജാമ്യമാണ് പ്രധാനമെന്ന് മുമ്പ് പല തവണ കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൊടും കുറ്റവാളികളായ അഞ്ച് പ്രതികള്‍ക്ക് പട്‌ന ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ സ്ഥിരം കുറ്റവാളികള്‍ ആണെന്നും ഇവര്‍ക്കെതിരെ നിരവധി കേസുകള് നിലനില്‍ക്കുന്നുണ്ടെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടി എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആയുധങ്ങളുമായി ആസൂത്രിതമായി കൊലപാതകം നടത്തുന്നവര്‍ പുറത്ത് നിന്നാല്‍ ഇത് ആവര്‍ത്തിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.