സര്‍ക്കാര്‍ ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്തു: ഉണ്ണിയേശുവിനെയുള്‍പ്പെടെ കവറിലിട്ട് കൊണ്ടുപോയി; വ്യാപക പ്രതിഷേധം, പൊലീസ് കേസെടുത്തു

സര്‍ക്കാര്‍ ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്തു:  ഉണ്ണിയേശുവിനെയുള്‍പ്പെടെ കവറിലിട്ട് കൊണ്ടുപോയി; വ്യാപക പ്രതിഷേധം, പൊലീസ് കേസെടുത്തു

കാസര്‍കോഡ്: ക്രിസ്തുമസിനോട് അനുബന്ധിച്ച് കാസര്‍കോഡ്് മുള്ളേരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. പൊലീസ് അന്വേഷണം തുടങ്ങി. മുള്ളേരിയ സി.എച്ച്.സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫയാണ് നശിപ്പിച്ചത്.

പുല്‍ക്കൂട്ടില്‍ വച്ചിരുന്ന ഉണ്ണിയേശുവിന്റെ ഉള്‍പ്പെടെയുള്ള രൂപങ്ങള്‍  എടുത്തുകൊണ്ടു പോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് വെക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് മുസ്തഫ അതിക്രമം ചെയ്തത്. പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൈയില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടു പോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറിയ ഇയാള്‍ പരാതി ഉണ്ടെങ്കില്‍ യേശു ക്രിസ്തുവിനോട് പറയാന്‍ വെല്ലുവിളിച്ചു. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തു വന്ന വീഡിയോയില്‍ ഉണ്ട്.

വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ വിളിച്ചവരോടും മുസ്തഫ ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതും ക്രിസ്തീയ വിശ്വാസത്തെ ഇകഴ്ത്തി കാണിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഡിയോയും പുറത്തു വന്നിട്ടുണ്ട്.

ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിച്ചാല്‍ അവിടെ വരുന്നവരുടെ രോഗം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിന്റെ ശബ്ദ സന്ദേശവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഓണം പോലെയുള്ള വിവിധ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുമ്പോള്‍ ക്രിസ്തുമസ് ആഘോഷത്തെ അവഹേളിച്ച ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.