തിരുവനന്തപുരം: ടൈറ്റാനിയം തൊഴില്‍ത്തട്ടിപ്പ് കേസിലെ പ്രതികള്‍ പ്രവര്‍ത്തിച്ചത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചെന്ന് കണ്ടെത്തല്‍. റിസപ്ഷനിസ്റ്റ് മനോജും ഹോസ്റ്റലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസിലെ ജീവനക്കാരന്‍ അനില്‍ കുമാറുമാണ് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പിന്റെ പ്രധാന ഗൂഢാലോചനാ കേന്ദ്രം എംഎല്‍എ ഹോസ്റ്റലായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. നിലവിലെ പരാതികള്‍ പ്രകാരം ഏഴ് പ്രതികളാണുള്ളത്. ഈ പ്രതിപ്പട്ടികയിലുള്ള രണ്ട് പേരാണ് മനോജും അനില്‍കുമാറും. കോഫി ഹൗസ് ജീവനക്കാരനായ അനില്‍ കുമാര്‍ കോഫി ഹൗസിന്റെ തിരുവനന്തപുരം സിഐടിയു ജില്ലാ സെക്രട്ടറി കൂടിയാണ് അനില്‍ കുമാര്‍.
നിലവില്‍ ലഭിച്ചിട്ടുള്ള 13 ല്‍ ആറ് പരാതികളിലും പറയുന്നത് അവര്‍ പണം കൈമാറിയത് അനില്‍ കുമാര്‍ മുഖേനയാണെന്നാണ്. അനില്‍ കുമാറിന്റെ രാഷ്ട്രീയ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായും പരാതിക്കാര്‍ സംശയിക്കുന്നു.
വ്യാജ ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തിന്റെ ഓഫീസിലെത്തിച്ചിരുന്നത് മനോജിന്റെ കാറിലായിരുന്നു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. എംഎല്‍എ ഹോസ്റ്റലിലെ മനോജിന്റെ ജോലി അതിന് മറയാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് പൊലീസിന്റെ അന്വേഷണം എംഎല്‍എ ഹോസ്റ്റലിലേക്കും നീളുന്നത്. ഹോസ്റ്റലിലെ മുറികളടക്കം ഗൂഢാലോചനയ്ക്ക് കേന്ദ്രമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
തട്ടിപ്പുമായി ബന്ധപ്പെട്ട് 13 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 78 ലക്ഷം രൂപയാണ് നഷ്ടമായിട്ടുള്ളതെന്നാണ് ഇത്രയും പരാതികളില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയുമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.