വത്തിക്കാൻ സിറ്റി: ”അതീവ രോഗാവസ്ഥ”യിലായ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് വേണ്ടി "പ്രത്യേക പ്രാർത്ഥനാ" സഹായം അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസന്ദർശത്തിന്റെ സമാപനത്തിലാണ് തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കായി പ്രാർത്ഥിക്കാൻ പാപ്പ അഭ്യർത്ഥിച്ചത്.
"നിശ്ശബ്ദതയിൽ സഭയെ നിലനിർത്തുന്ന പാപ്പ എമിരിറ്റസ് ബെനഡിക്ടിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
"അദ്ദേഹത്തെ സ്മരിക്കുന്നു, അദ്ദേഹം അതീവ രോഗാവസ്ഥയിലാണ്, അദ്ദേഹത്തെ ആശ്വസിപ്പിക്കാനും സഭയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യത്തിൽ അദ്ദേഹത്തെ അവസാനം വരെ നിലനിർത്താനും വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുന്നു" ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആരോഗ്യനില വഷളായതായി വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ സ്ഥിരീകരിച്ചു. “കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വാർദ്ധക്യം കാരണം അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിരുന്നു” എന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചു.
എന്നാൽ ആരോഗ്യസ്ഥിതി ഇപ്പോൾ സുസ്ഥിരമാണെന്നും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെ ഡോക്ടർമാർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോൾ ആറാമൻ ഹാളിലെ പൊതുദർശനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വസിക്കുന്ന വത്തിക്കാനിലെ ‘മാത്തർ എക്ലേസിയെ’ ആശ്രമത്തിലേക്ക് പോയതായും ബ്രൂണി പറഞ്ഞു.
സ്ഥാനത്യാഗത്തിനുശേഷം 95 വയസുകാരനായ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ് താമസിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിംഗർ (സീനിയർ)- മരിയ റാറ്റ്‌സിംഗർ ദമ്പതികളുടെ മകനായി 1927 ഏപ്രിൽ 16നായിരുന്നു ജോസഫ് റാറ്റ്‌സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ജനനം. 1951 ജൂൺ 29 നായിരുന്നു തിരുപ്പട്ട സ്വീകരണം. 2005 ഏപ്രിൽ 19 ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28 ന് പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ എട്ട് വർഷം ആഗോളസഭയെ നയിക്കുകയും ചെയ്തു.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.