കേന്ദ്ര ഗ്രാന്റ് വന്നില്ല; എന്‍എസ്എസ് സപ്ത ദിന ക്യാമ്പ് നടത്താന്‍ മാര്‍ഗമില്ലാതെ അധ്യാപകര്‍

കേന്ദ്ര ഗ്രാന്റ് വന്നില്ല; എന്‍എസ്എസ് സപ്ത ദിന ക്യാമ്പ് നടത്താന്‍ മാര്‍ഗമില്ലാതെ അധ്യാപകര്‍

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് ലഭിക്കാന്‍ വൈകുന്നത് എന്‍എസ്എസ് സപ്ത ദിന ക്യാമ്പ് നടത്തിപ്പിന് തിരിച്ചടിയാകുന്നു. പലയിടത്തും ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും ഫണ്ട് ലഭിക്കാതെ വന്നതോടെ അധ്യാപകര്‍ നെട്ടോട്ടത്തിലാണ്.

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് തുക നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ക്യാമ്പ് അവസാനിച്ചാലും യൂണിറ്റുകള്‍ക്ക് പണം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നേക്കും. എല്ലാ യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് നടപ്പായാല്‍ സര്‍വകലാശാലകളെയും ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിനെയും ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് നേരിട്ട് യൂണിറ്റുകളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും.

ഈ നിര്‍ദ്ദേശം ഒരു മാസം മുന്‍പാണ് യൂണിറ്റുകള്‍ക്ക് കിട്ടിയത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ എന്‍എസ്എസ് യൂണിറ്റുകളില്‍ സപ്തദിന ക്യാംപ് തുടങ്ങിയത്.

എസ്ബിഐ ബ്രാഞ്ചുകളില്‍ നിന്ന് സീറോ ബാലന്‍സ് സേവിങ്‌സ് അക്കൗണ്ട് രൂപീകരിക്കാന്‍ സമയമെടുക്കുന്നതായി പ്രോഗ്രാം ഓഫീസര്‍മാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

പണം കിട്ടാന്‍ വൈകിയതോടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും വിദ്യാര്‍ഥികളില്‍ നിന്ന് പിരിവെടുത്തും പിടിഎ ഫണ്ടില്‍ നിന്ന് തുകമാറ്റിയുമാണ് ക്യാംപ് നടത്തുന്നതെന്ന് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ പറയുന്നു.

സംസ്ഥാനത്ത് കോളജുകളിലും സ്‌കൂളുകളിലുമായി രണ്ടായിരത്തോളം എന്‍എസ്എസ് യൂണിറ്റുകളുണ്ട്. ഇതില്‍ കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയും ഉണ്ട്. ധനസഹായം കിട്ടുന്ന യൂണിറ്റുകള്‍ ഹയര്‍ സെക്കണ്ടറിയില്‍ മാത്രം 600 ല്‍ പരവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 300 ലധികവുമാണ്. കേന്ദ്രത്തില്‍ നിന്ന് ഗ്രാന്റ് കിട്ടുന്ന മറ്റുള്ള യൂണിറ്റുകള്‍ വിവിധ സര്‍വകലാശാലകളിലെ അംഗീകൃത കോളജുകളിലാണ്.

ഇതുവരെ യൂണിറ്റുകള്‍ക്ക് 44500 രൂപയാണ് ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരുന്നത്. ഇതില്‍ 22500 രൂപ സപ്തദിന ക്യാംപ് നടത്തിപ്പിനും 22000 രൂപ ഒരു വര്‍ഷത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു. 2017 ന് ശേഷം ഈ തുക ഇതുവരെ മുഴുവനായി ലഭിച്ചിട്ടില്ലെന്നും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.