റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്റെ പുതിയ പത്രക്കുറിപ്പ്. 'ഇന്നലെ രാത്രിയില്‍ പോപ്പ് എമിരിറ്റസ് നന്നായി വിശ്രമിച്ചു. പരിശുദ്ധ പിതാവ് തികച്ചും ജാഗ്രതയുള്ളവനാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ സ്ഥിരതയുള്ളതാണെന്നും പ്രസ് ഓഫീസര്‍ ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കു വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം പ്രാര്‍ത്ഥനയിലാണ്. നിശബ്ദതയിലൂടെ സഭയെ ശക്തിപ്പെടുത്തുന്ന എമിരിറ്റസ് ബെനഡിക്ട് മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥന നടത്തിയത്. ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് 95 വയസുകാരനായ പരിശുദ്ധ പിതാവ്.
സഭയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യത്തില്‍, കര്‍ത്താവ് ബെനഡിക്ട് പാപ്പയെ ശക്തിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. പിന്നാലെ വൈദികരും മെത്രാന്മാരും അല്‍മായരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സാമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചു.
കര്‍ത്താവിനോട് നല്‍കിയ സമ്മതത്തിന്റെ പേരിലും സഭയുടെ ദാസനായി അതില്‍ ഉറച്ചു നിന്നതിന്റെ പേരിലും ഈ അനാരോഗ്യസമയത്ത് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ ശക്തിപ്പെടുത്തണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മാഡ്രിഡ് ആര്‍ച്ച് ബിഷപ്പ് കാര്‍ലോസ് ഒസൊരോ ട്വീറ്റ് പങ്കുവെച്ചു. കൃതജ്ഞതയോടും പ്രത്യാശയോടും ഈ നിമിഷങ്ങളില്‍ ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം തങ്ങളും പങ്കുചേരുകയാണെന്ന് സ്‌പെയിനിലെ ഒവീഡോ ആര്‍ച്ച് ബിഷപ്പ് ജീസസ് സാന്‍സ് മോണ്ടസ് പറഞ്ഞു. ധാരാളം ഫലം കായ്ച്ച ബെനഡിക്ട് പാപ്പയുടെ ജീവിതത്തെ പ്രകീര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് മറിയത്തോടൊപ്പം പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
'തന്റെ നിശബ്ദ സാക്ഷ്യത്തിലൂടെ സഭയെ നിലനിര്‍ത്തിയതുപോലെ ബെനഡിക്റ്റ് മാര്‍പ്പാപ്പയെ നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് കര്‍ത്താവിന്റെ കൃപയ്ക്കായി എല്ലാവരോടും അപേക്ഷിക്കുന്നതായി ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലേസ് കപ്പിച്ച് ട്വീറ്റ് ചെയ്തു.
മെക്‌സിക്കന്‍ മെത്രാന്‍ സമിതി പാപ്പയ്ക്ക് വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മധ്യസ്ഥം തേടി. വളരെ ലളിതമായാണ് പാപ്പ സുവിശേഷം പങ്കുവെച്ചതെന്ന് മെത്രാന്‍ സമിതി അനുസ്മരിച്ചു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പ്രത്യേക പ്രാര്‍ത്ഥനയും വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് എല്ലാ വിശ്വാസികളോടും ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു.
'ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭ മുഴുവനും പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്നു. എമിരിറ്റസ് മാര്‍പാപ്പയുടെ നിശബ്ദ സാക്ഷ്യത്തിന് നന്ദി പറയുകയും അതേ സമയം സഭയുടെ ഐക്യത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുന്നു'.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക് നവംബര്‍ 10 ന് വത്തിക്കാനിലെ മാറ്റര്‍ ഏക്‌ളേസിയ ആശ്രമത്തില്‍ വച്ച് ബെനഡിക്ട് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോപ്പ് എമിരിറ്റസിന് ഉക്രെയ്‌നിലെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഉക്രെയ്ന്‍ ജനതയ്ക്കുവേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ പിതാവ് ഉറപ്പുനല്‍കിയിരുന്നു.
2005ല്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജി വെക്കുന്നത്. വത്തിക്കാനിലെ മാറ്റര്‍ ഏക്‌ളേസിയ ആശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍ കഴിയുന്നത്. മുന്‍ പാപ്പ എന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ തിരുസഭയ്ക്കും ദൈവശാസ്ത്ര രംഗത്തിനും നല്‍കിയ സംഭാവനകളെ ഡിസംബര്‍ 1-ന് വത്തിക്കാനില്‍വെച്ച് നടന്ന റാറ്റ്‌സിംഗര്‍ പ്രൈസ് അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചിരുന്നു.
കഴിഞ്ഞ 600 വര്‍ഷങ്ങള്‍ക്കിടയില്‍ രാജിവെക്കുന്ന ആദ്യ പത്രോസിന്റെ പിന്‍ഗാമിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. തന്റെ വിശ്രമ ജീവിതം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചു വരികയായിരുന്നു.
റോമിലെ ജൂത സമൂഹത്തിന്റെ റബ്ബി റിക്കാര്‍ഡോ ഡി സെഗ്‌നിയും തന്റെ പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണ ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തു. എമിരിറ്റസ് ബെനഡിക്ട് മാര്‍പാപ്പ കഠിനമായ പരീക്ഷണങ്ങളെ തരണം ചെയ്യാനും ഉടന്‍ സുഖം പ്രാപിക്കാനുമുള്ള പ്രാര്‍ത്ഥനയില്‍ താന്‍ പങ്കുചേരുന്നു - റിക്കാര്‍ഡോ ഡി സെഗ്‌നി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.