ബൈയ്‌ജിംഗ് : ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകത്തിൽ ഉയിഗർ മുസ്ലീങ്ങളെ ചൈനീസ് സർക്കാർ പീഡിപ്പിക്കുന്നു എന്ന ആരോപണം ചൈന തള്ളിക്കളഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ, പോപ്പ് ഫ്രാൻസിസിന്റെ പരാമർശങ്ങൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ല എന്ന് പറഞ്ഞു.
ചൈനയിൽ എല്ലാ വംശീയ വിഭാഗങ്ങളിലെയും ആളുകൾ അതിജീവിക്കുന്നുണ്ടെന്നും, മത സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്നും ഷാവോ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു ദശലക്ഷത്തിലധികം ഉയിഗറുകളും മറ്റ് ചൈനീസ് മുസ്‌ളീം ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങളും തടവിലാക്കപ്പെട്ട ക്യാമ്പുകളെക്കുറിച്ച് ഷാവോ പരാമർശിച്ചില്ല.
അമേരിക്കയും മറ്റു രാജ്യങ്ങളും മനുഷ്യാവകാശസംഘടനകൾക്കൊപ്പം ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടുന്നു. മുസ്ലീങ്ങളെ അവരുടെ മത-സാംസ്കാരിക പൈതൃകത്തിൽ നിന്ന് വിഭജിക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ തുറക്കുകയും അവിടെ ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും അതിന്റെ നേതാവായ സി ജിൻ പിങ്ങിനോടും വിശ്വസ്തത പ്രഖ്യാപിക്കാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം.
ഇത്തരം ക്യാമ്പുകൾ നിലനിൽക്കുന്നു എന്ന വസ്തുത തുടക്കത്തിൽ നിഷേധിച്ച ചൈന, തൊഴിൽ പരിശീലനം നൽകാനും തീവ്രവാദത്തെയും മത തീവ്രവാദത്തെയും തടയാനും ഉദ്ദേശിച്ചുള്ള കേന്ദ്രങ്ങളാണ് ഇതെന്ന് ഇപ്പോൾ പറയുന്നു.
ഡിസംബർ 1 ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകമായ “ലെറ്റ് അസ് ഡ്രീം “എന്ന പുസ്തകത്തിൽ, “പാവപ്പെട്ട ഉയിഗറുകൾ” എന്ന് ഉയിഗറുകളെ വിശേഷിപ്പിച്ചുകൊണ്ടു മതവിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരുടെ ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. പോപ്പ്ഫ്രാൻസിസ് ദുരിതമനുഭവിക്കുന്ന വിവിധ ജനതകളെ ക്കുറിച്ച് പരാമർശിക്കുന്നുണ്ട് : റോഹിംഗ്യകൾ, പാവപ്പെട്ട ഉയിഗറുകൾ, യസീദി, ഈജിപ്റ്റിലെയും പാകിസ്ഥാനിലെയും ക്രിസ്ത്യാനികൾ ഇവർ ഒക്കെ പല വിധത്തിൽ പീഡിപ്പിക്കപ്പെട്ടു എന്ന് എഴുതുന്നു.
എന്നാൽ വ്യാപകമായി ചൈനയിൽ നടക്കുന്ന കത്തോലിക്കർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലിനെതിരെ പ്രതികരിക്കുവാൻ പോപ്പ് വിസമ്മതിച്ചു. കത്തോലിക്കാ മെത്രാന്മാരെ നാമനിർദ്ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാൻ കഴിഞ്ഞ മാസം ചൈനയുമായുള്ള കരാർ പുതുക്കിയിരുന്നു. ഈ വിഷയത്തിൽ ചൈനീസ് സർക്കാരിനെ വ്രണപ്പെടുത്തുന്നതിന് ഒന്നും പറയാനോ ഒന്നും ചെയ്യാതിരിക്കാനോ പോപ്പ് ഫ്രാൻസിസ് ശ്രദ്ധപുലർത്തുന്നു.
2018 ലെ കരാറിന്റെ ഭാഗമായി ചൊവ്വാഴ്ച വത്തിക്കാൻ , ക്വിങ്‌ദാവോയിലെ ബിഷപ്പ് തോമസ് ചെൻ ടിയാൻ ഹാവോയുടെ നിയമനം അംഗീകരിച്ചിരുന്നു. ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ ബിഷപ് നിയമനം ആണിത്. അമേരിക്ക ഈ കരാറിനെ എതിർത്ത് രംഗത്തു വന്നിരുന്നു.
1949 ൽ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി വത്തിക്കാനുമായി ബന്ധം വിച്ഛേദിക്കുകയും കത്തോലിക്കാ പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷം ചൈനയ്ക്കും വത്തിക്കാനിനും ഇടയിൽ ഔദ്യോഗിക ബന്ധമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.