ഡോ. എം. ലീലാവതിക്കും എം.എ ഉമ്മനും സലിം യൂസഫിനും കൈരളി പുരസ്‌കാരം

ഡോ. എം. ലീലാവതിക്കും എം.എ ഉമ്മനും സലിം യൂസഫിനും കൈരളി പുരസ്‌കാരം

തിരുവനന്തപുരം: ഗവേഷണരംഗത്തെ പ്രഗത്ഭരായ മലയാളികളെ ആദരിക്കാൻ സർക്കാർ നൽകുന്ന കൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ശാസ്ത്രജ്ഞർക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ട വിദ്യാർഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്കാരം എന്നിവയാണ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചത്.

കാനഡയിലെ മാക്മാസ്റ്റർ സർവകലാശാലയിലെ മെഡിസിൻ വിഭാഗം പ്രൊഫസർ സലിം യൂസഫിനാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഡോ. എം. ലീലാവതിക്കും, ഡോ. എ. അജയ്ഘോഷ് (സയൻസ്), പ്രൊഫ. എം.എ. ഉമ്മൻ (സോഷ്യൽ സയൻസ്) എന്നിവർക്കും കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകും. രണ്ടരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനുള്ള കൈരളി ഗവേഷണ പുരസ്കാരം ഡോ. സി.വി. സിജില റോസിലി (കുസാറ്റ്), ഡോ. പി.വി. മയൂരി (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്), ഡോ.എം.എസ്. സ്വപ്ന (കേരള സർവകലാശാല), ഡോ. കെ. മഞ്ജു (കാലിക്കറ്റ് സർവ്വകലാശാല) എന്നിവർക്കാണ്. കാൽലക്ഷം രൂപ, പ്രശസ്തിപത്രം, രണ്ട് വർഷത്തെ റിസർച്ച് ഗ്രാന്റായി നാല് ലക്ഷം, യാത്രാഗ്രാന്റായി 75,000രൂപ എന്നിവയടങ്ങിയതാണ് പുരസ്കാരം.

ഗവേഷകരായ അദ്ധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്കാരം ഡോ. ജി. റീന മോൾ (മാർത്തോമ കോളേജ് തിരുവല്ല), ഡോ. ഇ.കെ. രാധാകൃഷ്ണൻ (എംജി), ഡോ. അലക്സ് പി. ജെയിംസ് (ഡിജിറ്റൽ), ഡോ. അൻവർ സാദത്ത് (കേന്ദ്ര സർവകലാശാല), ഡോ. ഷംഷാദ് ഹുസൈൻ (സംസ്കൃതം) എന്നിവർക്കാണ്. ഒരുലക്ഷം രൂപ, പ്രശസ്തിപത്രം, രണ്ടു വർഷത്തേക്ക് 24 ലക്ഷം വരെ ഗവേഷണ ഗ്രാന്റ് എന്നിവയടങ്ങിയതാണ് പുരസ്കാരം.

ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗത്ഭർക്ക് രാജ്യത്ത് ഒരു സംസ്ഥാനം നൽകുന്ന ഏറ്റവും ഉന്നത പുരസ്കാരങ്ങളാണിതെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ഡയറക്ടറായിരുന്ന പ്രൊഫ. പി. ബലറാം അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.