വത്തിക്കാന്‍ സിറ്റി: പ്രകൃതിയെ നോവിക്കാതെ, മലിനമാക്കാതെ ഒരു വീട്. ഇന്നത്തെ കാലത്ത് അതു സാധ്യമാണോ എന്നു ചോദിച്ചാല്‍, ഇറ്റാലിയന്‍ കാത്തലിക് വാരികയായ 'ജെന്റെ വെനെറ്റ'യുടെ ചീഫ് എഡിറ്റര്‍ ജോര്‍ജിയോ മലവാസിയുടെ കൈയില്‍ ഉത്തരമുണ്ട്. ആ ഉത്തരത്തിലേക്കു നയിച്ചതാവട്ടെ ഫ്രാന്‍സിസ് പാപ്പയുടെ പരിസ്ഥിതിയെക്കുറിച്ചുള്ള ചാക്രിക ലേഖനമായ 'ലൗദാത്തോ സി'യും.
ഇറ്റാലിയന്‍ നഗരമായ വെനീസിലെ വെനെറ്റോ മേഖലയിലാണ് പ്രകൃതി സൗഹൃദം എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍ കഴിയുന്ന ജോര്‍ജിയോ മലവാസിയുടെ ഫാം ഹൗസുള്ളത്. പരിസ്ഥിതിയുമായി ഇണങ്ങി ചേര്‍ന്നുള്ള ഗാര്‍ഹിക ജീവിതം എന്നത് വലിയ വെല്ലുവിളിയായി കരുതുന്ന ഇക്കാലത്ത് ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
സുഖസൗകര്യങ്ങള്‍ക്കു പിന്നാലെ പോകുമ്പോള്‍ ചെലവേറിയതും ഹൈടെക് സൗകര്യങ്ങളുമുള്ള ഒട്ടും പരിസ്ഥിതി സൗഹൃദമല്ലാത്ത നിര്‍മിതികളുണ്ടാകുന്നു. അതേസമയം ചെലവു കുറച്ചു ചെയ്യുമ്പോള്‍ അത് അസൗകര്യങ്ങളുമായുള്ള പെരുത്തപ്പെടലാകുന്നു. എങ്കിലും നമ്മുടെ പൊതു ഭവനമായ ഭൂമിയെ ബഹുമാനിക്കുന്ന ജീവിതശൈലിക്ക് അനുകൂലമായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തണമെന്നാണ് ജോര്‍ജിയോയുടെ പക്ഷം.
2021 മുതലാണ് അദ്ദേഹം വെനീസിലെ തന്റെ പുതിയ വീട്ടില്‍ താമസിക്കുന്നത്. 160 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് പൂര്‍ണമായും പരിസ്ഥിതിയുമായി ഇഴുകിച്ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടെ പ്രകൃതിദത്തമായി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാല്‍ കുടുംബത്തിന് വളരെ കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുനല്‍കുന്നു.
സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാനായി വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍
'ലൗദാത്തോ സി' വായിച്ചതിനു ശേഷമാണ് വീട് നിര്‍മാണത്തില്‍ ജോര്‍ജിയോയ്ക്കു വ്യക്തതയുണ്ടായത്. പാരിസ്ഥിതിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം ഗവേഷണം നടത്തി. ഊര്‍ജ ഉപയോഗത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു.
ജീര്‍ണിച്ച ഒരു ഫാം ഹൗസിന്റെ നവീകരണത്തോടെയാണ് തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. മേല്‍ക്കൂരയ്ക്കുള്ള ടൈലുകള്‍, മരത്തടികള്‍, ഇഷ്ടികകള്‍ തുടങ്ങിയവ പഴയ ഫാം ഹൗസിന്റെ തന്നെ ഉപയോഗിച്ചു. അതിലൂടെ മാലിന്യങ്ങള്‍ പരമാവധി കുറച്ചു.
ഭൂമി നമുക്ക് ഓരോരുത്തര്‍ക്കും ലഭ്യമാക്കിയിട്ടുള്ള വിഭവങ്ങളുടെ കൃത്യമായ വിനിയോഗമാണ് വേണ്ടതെന്ന് ജോര്‍ജിയോ ഓര്‍മിപ്പിക്കുന്നു.
ഭൂഗര്‍ഭ പൈപ്പിംഗ് സംവിധാനമാണ് വീടിനു നല്‍കിയിരിക്കുന്നത്. അതുപോലെ തെര്‍മല്‍ ഇന്‍സുലേഷന്‍ കെട്ടിടത്തിന്റെ പുറംഭാഗങ്ങളിലെ താപപ്രവാഹം കുറയ്ക്കുന്നു. ശൈത്യകാലത്ത് ചൂടും വേനല്‍ക്കാലത്ത് തണുപ്പും പ്രദാനം ചെയ്യുന്നു. ഇതിലൂടെ വര്‍ഷത്തില്‍ 85 ശതമാനത്തോളം ഊര്‍ജ സ്വയംപര്യാപ്തത നേടുന്നു.
പരിസ്ഥിതി ശാസ്ത്രത്തിന്റെ നിയമങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വീടിന്റെ നിര്‍മാണം ജോര്‍ജിയോയും ഭാര്യ ഡാനിയേലയും മക്കളായ ഫ്രാന്‍സെസ്‌കോയും ജിയുലിയോയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതശൈലിയിലും മാറ്റം വരുത്തി.
'ഈ വീടിന്റെ ഓരോ കോണിലും സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനകള്‍ പ്രതിധ്വനിക്കുന്നതായി ജോര്‍ജിയോ പറയുന്നു. പല കാരണങ്ങളാല്‍ ഇത്തരം അഭ്യര്‍ത്ഥനകള്‍ ആരും ശ്രദ്ധിക്കാറില്ല.
'എന്റെ ജീവിതത്തിലൂടെ ഒരു സന്ദേശം നല്‍കാന്‍ ലൗദാത്തോ സി നിരവധി തവണ വായിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന മാര്‍ഗങ്ങള്‍ തേടാനും കൃത്യമായ ദിശാബോധം ലൗദാത്തോ സി നല്‍കുന്നു.
ദേശീയ-പ്രാദേശിക തലങ്ങളില്‍ ഊര്‍ജം സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. പരിസ്ഥിതിയെ മലിനമാക്കുന്ന കല്‍ക്കരി നിലയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉല്‍പാദനത്തിലേക്കു നാം അടിയന്തരമായി തിരിയേണ്ടിയിരിക്കുന്നു.
സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാനായി വീടിന്റെ മേല്‍ക്കൂരയില്‍ ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്റ്റോറേജ് ബാറ്ററികളും സ്ഥാപിച്ചിട്ടുണ്ട്. അത് അധിക ഊര്‍ജം സംഭരിക്കാന്‍ അനുവദിക്കുന്നു. അതിനാല്‍ സൂര്യപ്രകാശം കുറവായിരിക്കുമ്പോള്‍ സംഭരിക്കപ്പെട്ടത് ഉപയോഗിക്കാന്‍ കഴിയും.
വീടിരിക്കുന്ന ഭൂമിക്ക് ഒരു മീറ്റര്‍ അടിയിലായി ജിയോതെര്‍മല്‍ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഭൂമിക്കടിയിലെ താപത്തെ (ചൂട്) പ്രയോജനപ്പെടുത്തി വീടിനു സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ഇത് ശൈത്യകാലത്ത് വീടിനെ ചൂടാക്കുകയും വേനല്‍ക്കാലത്ത് തണുപ്പിക്കുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.