വത്തിക്കാൻ സിറ്റി: ജീവിതയാത്രയ്ക്കിടയിൽ അസ്വസ്ഥമായ ചോദ്യം ചെയ്യലുകളും സന്ദേഹവും നമുക്ക് ഉണ്ടായേക്കാമെന്നും എന്നാൽ ആത്യന്തികമായി നാം കർത്താവിനെ ആരാധിക്കാൻ നമ്മെ പാകപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അവസാനം കുറിക്കുന്ന ദനഹാ പെരുന്നാളിന്റെ ആഘോഷവേളയിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയ്ക്ക് നേതൃത്വം നൽകവെയായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ കർത്താവിനെ കണ്ടുമുട്ടാൻ കഴിയുന്ന മൂന്ന് വഴികളെക്കുറിച്ച് പാപ്പ വിവരിക്കുകയും ചെയ്തു. നിരന്തരമായ ചോദ്യം ചെയ്യലിന്റെ ആവശ്യകതയും വിശ്വാസ യാത്രയിലെ അപകടസാധ്യതകളും ആരാധനയിലെ അത്ഭുതവും മനസിലാക്കുന്നതിലൂടെ നമുക്ക് കർത്താവിനെ കണ്ടുമുട്ടാൻ സാധിക്കും.
ഹൃദയത്തിന്റെ അസ്വസ്ഥത
നാം കർത്താവിനെ അന്വേഷിക്കേണ്ടത് "നിരന്തരമായ ആത്മീയ ചോദ്യം ചെയ്യലിലാണ്." അത് നമ്മുടെ നിസ്സംഗത മാറ്റിവച്ച് ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കുന്നുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
"കിഴക്ക് നിന്നുള്ള ജ്ഞാനികളുടെ ആവേശകരവും സാഹസികതയും നിറഞ്ഞ യാത്ര നമ്മെ പഠിപ്പിക്കുന്നത് വിശ്വാസം നമ്മുടെ സ്വന്തം യോഗ്യതകളിൽ നിന്നും ചിന്തകളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും ജനിച്ചതല്ല എന്നാണ്."
ഒരു അന്വേഷണാത്മക മനസ് അനന്തമായ കാര്യങ്ങൾക്കായി കാംക്ഷിക്കാനും ഒരു ഒരു ലക്ഷ്യത്തിലേക്ക് എത്തിക്കാനും "നാഗരികതകളുടെ പുരോഗതിക്ക് പ്രചോദനം നൽകുന്ന മികച്ച അന്വേഷണം" ആരംഭിക്കാനും നമ്മെ വെല്ലുവിളിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു
ദൈവകൃപയാൽ നാം നമ്മുടെ ദിനചര്യകളിൽ അസ്വസ്ഥരാകുമ്പോൾ മാത്രമേ വിശ്വാസത്തിന്റെ യാത്ര ആരംഭിക്കാൻ കഴിയൂ. കൂടാതെ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളും അതുപോലെ നമ്മുടെ സ്വപ്നങ്ങളും ഭയങ്ങളും ഈ അവസരത്തിലാണ് നാം ഗൗരവമായി പരിശോധിക്കാൻ തുടങ്ങുക.
ആത്മാവിനെ മരവിപ്പിക്കുന്ന മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കെതിരെ
നിസ്സംഗതവെടിഞ്ഞ് കർത്താവിനുവേണ്ടിയുള്ള ഈ ആത്മീയ ചോദ്യങ്ങളെ നശിപ്പിക്കാനും അതുവഴി നമ്മുടെ ആത്മാവിനെ തളർത്തികിടത്തുന്നതിനുമായി ദൈനംദിന ജീവിതത്തിലെ ഒട്ടേറെ സാഹചര്യങ്ങൾ നമുക്ക് മുന്നിലേക്ക് പല അവസരങ്ങളും നീക്കിവെക്കുന്നുവെന്ന് മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.
നാം പലപ്പോഴും ജീവിതസുഖങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയാണ്. സന്തോഷം നൽകുന്ന വാഗ്ദാനങ്ങളിലൂടെ, നിർത്താതെയുള്ള വാർത്താ പരമ്പരകളിലൂടെ, അല്ലെങ്കിൽ ശാരീരിക ക്ഷമതയോടുള്ള അത്യാദരത്തിലൂടെയും നാം നമ്മുടെ ആത്മാവിനെ തളർത്തി കിടത്തിയിരിക്കുകയാണെന്നും മാർപ്പാപ്പ വ്യക്തമാക്കി.
“പലപ്പോഴും നാം നമ്മുടെ ഹൃദയങ്ങളെ സുഖസൗകര്യങ്ങളാൽ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പ്രവാചകന്മാർ അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ ഒരിക്കലും ദൈവത്തെ കണ്ടുമുട്ടില്ലായിരുന്നു. എങ്കിലും നമ്മുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും ഉണ്ട്.
വിശ്വാസ യാത്രയിലെ അപകടസാധ്യതകൾ
ഓരോ തീർത്ഥാടനവും നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നാം യഥാർത്ഥത്തിൽ പല അപകടസാധ്യതകളും നേരിടണം എന്നതിനാൽ നമുക്ക് കർത്താവിനെ കണ്ടുമുട്ടാൻ കഴിയുന്ന രണ്ടാമത്തെ സ്ഥലം ഈ യാത്രയിലെ അപകടസാധ്യതകളിലാണ്.
“നാം ഈ യാത്ര ആരംഭിക്കുന്നില്ലെങ്കിൽ നമ്മുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽ ദൈവത്തിന്റെ തിരുമുഖത്തേക്കും അവന്റെ വചനത്തിന്റെ ഭംഗിയിലേക്കും തിരിയുന്നില്ലെങ്കിൽ ആത്മീയ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള ചോദ്യം ചെയ്യലുകൾ നമ്മെ നിരാശയിലേക്കും ശൂന്യതയിലേക്കും നയിച്ചേക്കാം” എന്നും പാപ്പ പറഞ്ഞു.
നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പ്രാർത്ഥനയിലൂടെ ദൈവത്തിലേക്ക് കേന്ദ്രീകരിക്കുമ്പോൾ നമ്മുടെ വിശ്വാസം "കർത്താവുമായുള്ള നിരന്തരമായ സംഭാഷണത്തിലൂടെയുള്ള തുടർച്ചയായ യാത്ര" ആകുമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
നമ്മുടെ വിശ്വാസം വളരാൻ അനുവദിക്കുന്നതിന് വ്യക്തിപരമായ ഭക്തിയും സ്ഥിരമായ ഒരുകൂട്ടം ആളുകളുടെ സാന്നിധ്യവും പോലും പര്യാപ്തമല്ല. "മറിച്ച് നമുക്ക് അത് പുറത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനായി ദൈവത്തിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും നിരന്തരമായ യാത്രയിൽ നാം ജീവിക്കണം" പാപ്പ കൂട്ടിച്ചേർത്തു.
വ്യക്തിപരമായ കണ്ടുമുട്ടലിൽ കർത്താവിനെ ആരാധിക്കുന്നു
നമ്മുടെ വിശ്വാസപ്രയാണത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ആരാധനയുടെ അത്ഭുതത്തിലാണ് പൂർത്തിയാകുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു. "നമ്മുടെ അസ്വസ്ഥത, ചോദ്യങ്ങൾ, ആത്മീയ യാത്രകൾ, വിശ്വാസത്തിന്റെ പ്രയോഗം എന്നിവയെല്ലാം കർത്താവിനെ ആരാധിക്കുന്നതിൽ ഒത്തുചേരണം" പാപ്പ പറഞ്ഞു.
ആരാധന നമ്മുടെ ആധുനിക ലോകത്ത് വഴിയരികിൽ വീണുപോയിരിക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവത്തെ ആരാധിക്കുന്നതിന്റെ അത്ഭുതം വീണ്ടെടുക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു.
"എല്ലാം ദൈവത്തിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. കാരണം എല്ലാറ്റിന്റെയും ഉദ്ദേശ്യം വ്യക്തിപരമായ ലക്ഷ്യം നേടാനോ നമുക്കായി മഹത്വം നേടാനോ അല്ല. മറിച്ച് ദൈവത്തെ കണ്ടുമുട്ടുക എന്നതാണ്" എന്ന് മാർപ്പാപ്പ ഉപസംഹരിച്ചു.
"അപ്പോൾ ഇരുണ്ട രാത്രികളിലും ഒരു പ്രകാശം ജ്വലിക്കുന്നതായി നാം കണ്ടെത്തും. യേശുവിന്റെ പ്രകാശം, ഉജ്ജ്വലമായ പ്രഭാതനക്ഷത്രം, നീതിയുടെ സൂര്യൻ, എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും ഭൂമിയിലെ എല്ലാ ജനങ്ങളെയും സ്നേഹിക്കുന്ന ദൈവത്തിന്റെ കരുണയുള്ള തേജസ്സ്” ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.