ഭക്ഷ്യസുരക്ഷാ പരിശോധന പേരിന് മാത്രം; ചിക്കന്‍ അടക്കമുള്ളവയുടെ സാംപിള്‍ എടുക്കുന്നില്ല

ഭക്ഷ്യസുരക്ഷാ പരിശോധന പേരിന് മാത്രം; ചിക്കന്‍ അടക്കമുള്ളവയുടെ സാംപിള്‍ എടുക്കുന്നില്ല

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന പേരിന് മാത്രമെന്ന് ആക്ഷേപം. ചിക്കനോ അനുബന്ധ ഭക്ഷ്യവസ്തുക്കളോ ഇതേവരെ നിയമപ്രകാരമുള്ള സാംപിൾ എടുക്കുന്നില്ലെന്നതാണ് ആക്ഷേപത്തിന് പിന്നിൽ.

നിലവിൽ ശേഖരിക്കുന്ന സാംപിളുകളിൽ ഏറെയും ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കളുടേത്. പക്ഷേ ഭക്ഷ്യവിഷബാധമൂലം ഇതുവരെയുണ്ടായ അത്യാഹിതങ്ങളിലെല്ലാം കാരണമായത് ചിക്കനും അനുബന്ധ ഭക്ഷണവുമാണ്. അവ ശേഖരിച്ചു പരിശോധന നടത്താതെ എന്ത് നടപടിയാണ് ഭക്ഷ്യ വകുപ്പ് സ്വീകരിക്കുന്നതെന്നും ചോദ്യം ഉയരുന്നു.

നിയമപ്രകാരമുള്ള സാംപിളായി എടുത്തതിന്റെ പരിശോധനാഫലം മാത്രമേ കോടതിയിൽ ശക്തമായ തെളിവായി നിലനിൽക്കൂ. എന്നാൽ, സൂക്ഷ്മതയോടെയും മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ നിയമപ്രകാരമുള്ള സാംപിൾ ശേഖരിക്കാവൂ എന്നതിനാൽ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ സാംപിളുകൾ ഇതിനായി എടുത്ത് കുരുക്കിലാകാൻ ഉദ്യോഗസ്ഥർ മെനക്കെടാറില്ല.

പലപ്പോഴും രണ്ടുമണിക്കൂറോളം വേണ്ടിവരും സാംപിളെടുക്കുന്ന നടപടിക്രമം പൂർത്തിയാക്കാൻ. ഓരോ പരിശോധനാഫലം സംബന്ധിച്ചും റിപ്പോർട്ട് കേന്ദ്ര അതോറിറ്റിക്കും നൽകണം. കുറ്റം കണ്ടെത്തിയാൽ നിയമപരമായ നടപടികളും പൂർത്തിയാക്കണം.

ഈ ബുദ്ധിമുട്ട് മറികടക്കുന്നതിനായി പലപ്പോഴും പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യോത്പന്നങ്ങളാണ് നിയമപ്രകാരമുള്ള സാംപിളായി ഉദ്യോഗസ്ഥർ ശേഖരിക്കുക. ഇവയിൽ ലാബ് പരിശോധന നടക്കുമ്പോൾ മിക്കപ്പോഴും പ്രശ്നങ്ങൾ കണ്ടെത്താറില്ല എന്നതാണ് കാരണം. അതോടെ നടപടിക്രമങ്ങൾ പൂർത്തിയാവും. 

അധികം നടപടിക്രമങ്ങളില്ലാതെ വേഗത്തിലെടുക്കുന്ന സർവൈലൻസ് സാംപിളായാണ് മറ്റു വസ്തുക്കൾ മിക്കപ്പോഴും എടുക്കുക. കുറ്റം കണ്ടെത്തിയാൽത്തന്നെ ചെറിയ പിഴയിൽ ഒഴിവാകും.

ഓരോ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസ് പരിധിയിൽനിന്നും ഓരോ മാസവും കുറഞ്ഞത്, നിയമപ്രകാരമുള്ള രണ്ടു സാംപിളുകളെങ്കിലും ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് നിയമം. ആകെയുള്ള 140 സർക്കിൾ ഓഫീസുകളിൽനിന്നായി 280 നിയമപ്രകാരമുള്ള സാംപിൾമാത്രമെടുത്ത് കണക്കൊപ്പിക്കലേ നടക്കുന്നുള്ളൂവെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.