കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം പൊലീസിനെ വലച്ചത് മണിക്കൂറുകൾ. സർവ്വ സന്നാഹങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ പൊലീസ് അരിച്ചു പിറക്കിയിട്ടും ബോംബ് ഭീഷണിയുടെ സാധ്യതകളൊന്നും കണ്ടെത്താനായില്ല.
ഒടുവിൽ ഫോൺ ചെയ്ത ആളെ പൊലീസ് തേടിപ്പിടിച്ചു കണ്ടെത്തി. മദ്യലഹരിയില്‍ തമാശയ്ക്ക് ചെയ്തതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞതോടെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി.
കണ്ണൂര്‍ സിറ്റി നാലുവയലിലെ പനങ്ങാടന്‍ ഹൗസില്‍ പി.എ.റിയാസിനെ (29) ആണ് വ്യാജ സന്ദേശം നൽകി പൊലീസിനെ കബിളിപ്പിച്ചതിനു അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാള്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചു റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പൊലീസും ആര്‍പിഎഫും സംയുക്തമായി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തി.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വന്‍ പോലീസ് സംഘത്തെ കണ്ട യാത്രക്കാര്‍ ഭീതിയിലായി.
ഇതിനിടെ സന്ദേശം ലഭിച്ച ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശമാണെന്ന് പൊലീസിന് ബോധ്യമായത്. ഫോണ്‍ ലൊക്കേഷന്‍ കണ്ണൂര്‍ സിറ്റിയാണെന്നും തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ടൗണ്‍ എസ്.ഐ. സി.എച്ച്.നസീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിറ്റിയിലെത്തി ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് സിമ്മിന്റെ ഉടമയെ കണ്ടെത്തി. എന്നാല്‍ ഇയാള്‍ ഒരാഴ്ചമുന്‍പ് ഫോണും സിമ്മും റിയാസിന് വിറ്റതായി അന്വേഷണത്തില്‍ മനസ്സിലായി.
തുടര്‍ന്ന് കസ്റ്റഡിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് റിയാസാണ് ഫോണ്‍വിളിയുടെ പിന്നിലെന്ന് തിരിച്ചറിഞ്ഞത്. മദ്യലഹരിയില്‍ തമാശയ്ക്ക് ചെയ്തതാണെന്ന് പൊലീസിനോട് പറഞ്ഞു. ഫോണ്‍ വിളിച്ചശേഷം സിംകാര്‍ഡ് അഴിച്ചുമാറ്റി നശിപ്പിച്ചു. കണ്ണൂരിലെ ഒരു ഫ്‌ലാറ്റില്‍ ശുചീകരണത്തൊഴിലാളിയാണ് റിയാസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.