2023 ല്‍ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങള്‍: ന്യൂയോര്‍ക്ക് ടൈംസിന്റെ വിനോദസഞ്ചാര പട്ടികയില്‍ കേരളവും

2023 ല്‍ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങള്‍: ന്യൂയോര്‍ക്ക് ടൈംസിന്റെ വിനോദസഞ്ചാര പട്ടികയില്‍ കേരളവും

ന്യൂഡൽഹി: 2023ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തെയും തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും കേരളമാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏക സംസ്ഥാനം. 

ലോക ടൂറിസം മേഖലയില്‍ അവാര്‍ഡു നേടിയ കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കടല്‍ത്തീരങ്ങള്‍, കായല്‍ തടാകങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പ്രസിദ്ധമായ കേരളത്തില്‍ സന്ദര്‍ശകര്‍ക്ക് ഗ്രാമജീവിതം ആസ്വദിക്കാന്‍ തക്കവണ്ണമുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.  

കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും ന്യൂയോര്‍ക്ക് ടൈംസ് നടത്തിയിട്ടുണ്ട്. വൈക്കത്തഷ്ടമി ഉത്സവം പോലെയുള്ള സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം കേരളത്തില്‍ ആസ്വദിക്കാനാകും.

സംസ്ഥാനത്തെ നിരവധി ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നായ കുമരകത്ത് സന്ദര്‍ശര്‍ക്ക് കാടു നിറഞ്ഞ കനാലുകളിലൂടെ തുഴയാനും തൊണ്ടുതല്ലി കിട്ടുന്ന ചകിരിയില്‍ നിന്നും കയര്‍ നെയ്യാനും പനയില്‍ കയറാനും പഠിക്കാമെന്നും മറവന്‍ തുരുത്തില്‍ പരമ്പരാഗത ക്ഷേത്ര നൃത്തത്തിന്റെ സായാഹ്നം ആസ്വദിക്കാമെന്നും ഗ്രാമീണ തെരുവ് കലകള്‍ ആസ്വദിക്കാമെന്നും ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിൽ കേരളത്തിനുള്ള അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തിരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താന്‍ സഹായകരമാകുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ മന്ത്രി പ്രതികരിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.