ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരും ഇളവു തേടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും.
ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന് വ്യക്തമാക്കി. ബെഞ്ച് നിശ്ചയിക്കുന്നതിന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും.
വിധിയില്‍ ഭേദഗതി വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തത വേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും നിലപാടെടുത്തു. ബഫര്‍ സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിന് വിടാമെന്ന് കോടതി പറഞ്ഞത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഭേദഗതി വരുത്തിയാല്‍ പിന്നെ പുനപരിശോധനയുടെ ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കഴിഞ്ഞവര്‍ഷം ജൂണിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഈ വിധിയില്‍ വ്യക്തത വേണമെന്നും പരിഷ്‌കരിച്ച് ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ബഫര്‍ സോണ്‍ ദൂര പരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കി. ഈ ഹര്‍ജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ദൂര പരിധിയില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു.
23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥല ലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോല മേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു.
വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.