കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും. ഇന്ന് നടന്ന ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ വൻ വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള ബാങ്കിനെതിരെ നിരന്തരം നിഷേധാത്മക സമീപനം സ്വീകരിച്ച യുഡിഎഫിന് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് നേടാനായത്. ഈ ദയനീയ പരാജയം യുഡിഎഫിന് സഹകാരി സമൂഹം നൽകിയ തിരിച്ചടിയായി കണക്കാക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നാളെ കേരള ബാങ്കിന്റെ അധികാരമേൽക്കുന്നതോടെ ഇടതുപക്ഷ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു കൂടി സഫലമാവുകയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന കാൽവയ്പ്പ് കൂടിയാണ് ഇത്. സംസ്ഥാന സർക്കാരിന്റെയും സഹകാരികളുടെയും നാലു വർഷത്തെ അക്ഷീണ പ്രവർത്തനമാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ അടിസ്ഥാനം. 2016 ജൂലൈ 20ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ് ബാങ്ക് രൂപീകരണ പ്രക്രിയക്ക് ഔപചാരികമായ തുടക്കമായത്.
ഒരു വിഭാഗത്തിന്റെ രാഷ്‌ട്രീയ എതിർപ്പ് കേരള ബാങ്ക് രൂപീകരണം രണ്ടുവർഷത്തിലേറെ വൈകിപ്പിച്ചു. കേവല രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ പൊതു ആവശ്യത്തെ തല്ലിത്തകർക്കാൻ നിരന്തര ശ്രമമാണ് ഉണ്ടായത്. സംസ്ഥാന സർക്കാർ നിശ്ചയദാർഢ്യത്തോടെ എല്ലാ തടസ്സങ്ങളും നിയമപരമായി നേരിട്ട് കൊണ്ടാണ് ഇന്ന് ആദ്യ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് നാളെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.