ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ നേതാക്കള്‍ക്കും അണികള്‍ക്കും നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് ബി.ജെ.പി. നേതാക്കളോട് മോഡി ആവശ്യപ്പെട്ടു.
ഡല്‍ഹി എന്‍.ഡി.എം.സി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു മോഡിയുടെ പ്രസ്താവന.
ബൊഹ്‌റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കള്‍ എത്തിച്ചേരണമെന്ന് യോഗത്തില്‍ മോഡി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ വേണം സമീപിക്കാനെന്നും മോഡി നിര്‍ദേശിച്ചു. കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 350 മുതിര്‍ന്ന നേതാക്കളോടായിരുന്നു മോഡിയുടെ അഭ്യര്‍ഥന.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് നിര്‍വാഹക സമിതി യോഗത്തിന്റെ ആദ്യ ദിവസം പ്രധാനമായും ചര്‍ച്ച നടന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യം വെച്ചുള്ള ഒന്‍പതിന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പ്രചാരണത്തിന് മോഡി വന്നാല്‍ ബിജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ട്ടി ജയിക്കണമെങ്കില്‍ പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാല്‍ ജയിക്കുമെന്ന മാനസികനിലയോടെ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
18 നും 25 നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബി.ജെ.പിയെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മോഡി നിര്‍ദേശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് അവര്‍ സാക്ഷികളായിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുച്ചോ അവര്‍ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പിയുടെ സദ്ഭരണത്തെക്കുറിച്ചുള്ള അവബോധം അവരില്‍ സൃഷ്ടിക്കണമെന്നും മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.