പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമണം: ജപ്തി 23 നകം പൂര്‍ത്തിയാക്കി റിപ്പോർട്ട് നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യ ശാസനം

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആക്രമണം: ജപ്തി 23 നകം പൂര്‍ത്തിയാക്കി റിപ്പോർട്ട് നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യ ശാസനം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമണവുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ നീണ്ടു പോകുന്നതിനാലാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.

ഈ മാസം 23 നകം നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 24 ന് കേസ് വീണ്ടും പരിഗണിക്കും.

നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടുകിട്ടിയില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇനി അവധി നല്‍കില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ അക്രമങ്ങളില്‍ അഞ്ചുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിരുന്നത്. ഈ നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പിഎഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും, സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഇത് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ നിരുപാധികം മാപ്പു ചോദിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 15 നകം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.