ഇടതുപക്ഷത്തിന്റേത് നുണപ്രചാരണം ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി

ഇടതുപക്ഷത്തിന്റേത് നുണപ്രചാരണം ക്ഷേമപെന്‍ഷനില്‍ യുഡിഎഫ് ബഹുകാതം മുന്നില്‍: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സാമൂഹിക ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടതുസര്‍ക്കാരിനെക്കാള്‍ ബഹുകാതം മുന്നിലാണെന്നും ഇക്കാര്യത്തില്‍ അവര്‍ അഴിച്ചുവിടുന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വര്‍ഷംതോറുമുള്ള സ്വഭാവിക വര്‍ധന മാത്രമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള വൃദ്ധജനങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ ഇല്ലാതാക്കുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി പെന്‍ഷന്‍ തുകയും പെന്‍ഷന്‍കാരുടെ എണ്ണവും കൂട്ടിയിരുന്നു. 2012ല്‍ 13ലും ക്രമാനുഗതമായ വര്‍ധന ഉണ്ടായി.

വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, അനാഥാലയങ്ങള്‍/ വൃദ്ധ സദനങ്ങള്‍/ യാചക മന്ദിരങ്ങള്‍/ വികലാംഗര്‍ക്കവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു നല്കുന്ന പ്രതിമാസ ഗ്രാന്റ് എന്നിവ 700 രൂപയായിരുന്നു . 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,000 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 1,100 രൂപയും ആക്കിയിരിന്നു എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വൃദ്ധജനങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.