ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; നെല്‍കൃഷിയും കമുകും നശിപ്പിച്ചു

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി; നെല്‍കൃഷിയും കമുകും നശിപ്പിച്ചു

പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെല്‍പ്പാടത്ത് നിലയുറപ്പിച്ച കാട്ടാന പ്രദേശത്തെ നെല്‍കൃഷിയും തെങ്ങുകളും കമുകും നശിപ്പിച്ചു. ആനയെ കാട് കയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി.

കാടിറങ്ങി നാടുവിറപ്പിച്ച പി. ടി സെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി കാട്ടാനകളുടെ ശല്യം മൂലം വ്യാപകമായി കൃഷികൾ നശിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. 

പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച പി.ടി സെവന്‍ എന്ന കാട്ടുകൊമ്പനെ 21 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കു വെടിവെച്ച് തളച്ച പി.ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ധോണി ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് തയ്യാറാക്കിയ അനയെ പാര്‍പ്പിക്കാനുള്ള കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ ലോറിയില്‍ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു.

ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്ത ശേഷമാണ് ലോറിയിലേക്ക് കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കും ഇടയിലെ വനാതിര്‍ത്തിക്കടുത്തു വച്ചാണ് മയക്കുവെടി വച്ചത്.

ആനയെ തളച്ചതില്‍ ധോണിയിലെ നാട്ടുകാര്‍ സന്തോഷം പ്രകടിപ്പിച്ചു. വനംവകുപ്പിനോടും ദൗത്യസംഘത്തോടും നന്ദി അറിയിച്ചു. ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച് നാട്ടിലിറങ്ങി പ്രദേശ വാസികളെ ഭീതിയാഴ്ത്തി വരികയായിരുന്നു പി ടി സെവന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.