ഹൈദരാബാദ്: ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സര്‍ക്കാര്‍. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താന്‍ സര്‍ക്കാര്‍ തയാറാവാതിരുന്നത്.
അതേസമയം രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ദേശീയ പതാക ഉയര്‍ത്തി. ചീഫ് സെക്രട്ടറി എ. ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങില്‍ 'നാട്ടു നാട്ടു' ഗാനത്തിന്റെ സംഗീത സംവിധായകന്‍ എം.എം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും (കെസിആര്‍) മറ്റു മന്ത്രിമാരും ആഘോഷത്തില്‍ നിന്നു വിട്ടു നിന്നു. അതേസമയം കെസിആര്‍ സെക്കന്തരാബാദിലെ സൈനിക സ്മാരകത്തിലെത്തി റീത്ത് സമര്‍പ്പിച്ചു.
അഭിഭാഷകനായ കെ. ശ്രീനിവാസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് പി. മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ആഘോഷങ്ങള്‍ നടത്താനുള്ള സ്ഥലം സര്‍ക്കാരിനു നിശ്ചയിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നില്ലെന്നും ഈ വര്‍ഷവും കോവിഡ് കാരണം പരേഡ് നടത്തുന്നില്ലെന്നും ആഘോഷങ്ങള്‍ രാജ്ഭവനില്‍ നടത്തുമെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി വാദിച്ച അഡ്വക്കറ്റ് ജനറല്‍ ബി.എസ് പ്രസാദ് വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഗവര്‍ണറുമായുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്ന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍, മുഖ്യമന്ത്രിയെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പരോക്ഷമായി വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.