തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് ഒൻപത് പൈസ കൂടും. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിയുടെ അധികച്ചെലവ് നികത്താനാണിത്.
മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് ഒൻപത് പൈസ വീതം നാല് മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.
മാസം 150 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് ദ്വൈമാസ ബില്ലിൽ 30 രൂപ വർദ്ധിക്കും. 500 യൂണിറ്റ് വരെയുള്ളവർക്ക് 99 രൂപ അധികം നൽകേണ്ടിവരും.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ നിരക്ക് വർധന. സർചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം. എന്നാൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചില്ല.
2021 ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയും കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയും യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ചുമത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഇതു തൽക്കാലം പരിഗണിക്കേണ്ടെന്നും ബോർഡിന്റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്ത് പരിഗണിച്ചാൽ മതിയെന്നും കമ്മിഷൻ തീരുമാനിച്ചു.
താപവൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഇറക്കുമതി ചെയ്ത കൽക്കരി കൂടി ഉപയോഗിക്കുന്നതിനാൽ വൈദ്യുതി വില വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും മാസങ്ങളിലും സർചാർജ് വർധിക്കാനാണു സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ 26 നാണ് മുമ്പ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.