ഗവര്‍ണറുടെ ഹിന്ദു' പരാമര്‍ശം വിവാദമായി; പിന്നാലെ വിശദീകരണവുമായി രാജ്ഭവന്‍

ഗവര്‍ണറുടെ ഹിന്ദു' പരാമര്‍ശം വിവാദമായി; പിന്നാലെ വിശദീകരണവുമായി രാജ്ഭവന്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി രാജ്ഭവൻ. 'തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെ'ന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

ഇത് വലിയ വിവാദമായതോടെ സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചതെന്ന വിശദീകരണവുമായി രാജ്ഭവൻ പത്രകുറിപ്പിറക്കി.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്റെ പേരാണ് ഹിന്ദുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന സംഘപരിവാര്‍ അനുകൂലികളായ മലയാളികളുടെ കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. സംഘടനയുടെ ആര്‍ഷദര്‍ശന പുരസ്‍കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഏറ്റുവാങ്ങി.

സ്വയം പ്രഖ്യാപിത ആഗോള കവിയുടെ ആഹ്വാനം സനാതന ധര്‍മ്മം തിരിച്ചറിയാതെയാണെന്ന് ക്ലോൺക്ലേവിൽ ആര്‍ഷദര്‍ശന പുരസ്കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി പറഞ്ഞു. ഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍ നേരത്തെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.

കവികളായ കൈതപ്രം ദാമോധരൻ നമ്പൂതിരിയും മധുസൂദനൻ നായരും പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദുവിൽ നിന്ന് ജാതിയെ എടുത്തുകളയണമെന്ന് ഗാനരചയിതാവ് കൈതപ്രം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.