'സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കാത്തത് എന്റെ പരിക്കിന് കാരണം'; യാത്രയില്‍ സീറ്റ് ബെല്‍റ്റിന്റെ ആവശ്യകത വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി

'സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കാത്തത് എന്റെ പരിക്കിന് കാരണം'; യാത്രയില്‍ സീറ്റ് ബെല്‍റ്റിന്റെ ആവശ്യകത വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ച് ആഭ്യന്തര വകുപ്പ് ചീഫ് അഡിഷണല്‍ സെക്രട്ടറി ഡോ. വി. വേണു. മൂന്നാഴ്ച മുമ്പ് തനിക്കും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനും കുടുംബവും രക്ഷപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചത് കൊണ്ട് മാത്രമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

മൂന്നാഴ്ച മുന്‍പ് കായംകുളത്തിനടുത്താണ് അദ്ദേഹത്തിനും കുടുംബത്തിനും അപകടമുണ്ടായത്. വി. വേണുവും ഭാര്യയും മകനും ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പേരുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗണ്‍ മാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേര്‍ക്കും ഏറിയും കുറഞ്ഞു അപകടം സംഭവിക്കുകയും ചെയ്തുവെന്ന് പോസ്റ്റില്‍ പറയുന്നു. തങ്ങളുടെ പരിക്കുകള്‍ അല്പം ഗുരുതരമാണെങ്കില്‍ തന്നെയും അവ ജീവനു ഭീഷണി ഉള്ളതല്ലെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ തലയോട്ടിയില്‍ സംഭവിച്ച പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോള്‍ നിസാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹമിപ്പോള്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി. സംസാരിക്കുവാന്‍ വിഷമമുണ്ട്.

എനിക്ക് സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടു മാത്രമാണെന്ന് അദ്ദേഹം പറയുന്നു. മുന്നിലിരുന്നവര്‍ക്ക് എയര്‍ബാഗിന്റെ പരിരക്ഷ ലഭിച്ചു. താന്‍ മാത്രം മേല്‍ഭാഗത്തെ ബെല്‍റ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെല്‍റ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് തനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയതെന്നും അദ്ദേഹം പറയുന്നു. ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ താന്‍ രക്ഷപ്പെട്ടേനെയെന്നും അദ്ദേഹം പറയുന്നു.

യാത്രക്കാര്‍ ഏത് സീറ്റില്‍ ആണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധപൂര്‍വ്വം ധരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഡോ. വി. വേണു. മുന്‍ സീറ്റില്‍ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാര്‍ കൃത്യമായും ബെല്‍റ്റ് ധരിച്ചിരിക്കണം. അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.