26 ദിവസത്തിനുള്ളില്‍ 55 വധശിക്ഷകള്‍; ജനങ്ങളില്‍ ഭയം വിതച്ച് ഇറാന്‍ ഭരണകൂടം

26 ദിവസത്തിനുള്ളില്‍ 55 വധശിക്ഷകള്‍; ജനങ്ങളില്‍ ഭയം വിതച്ച് ഇറാന്‍ ഭരണകൂടം

ടെഹ്‌റാന്‍: വെറും 26 ദിവസത്തിനുള്ളില്‍ ഇറാന്‍ ഭരണകൂടം 55 പേരെ തൂക്കിലേറ്റിയെന്ന് നോര്‍വെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐ.എച്ച്.ആര്‍).

രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനും ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനാണ് ഈ അരുംകൊലകളെന്ന് ഐ.എച്ച്.ആര്‍ വ്യക്തമാക്കുന്നു. ഇറാനിലെ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തില്‍ പ്രതിഷേധ ശബ്ദങ്ങളുയരാത്തതാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നും ഐഎച്ച്ആര്‍ പറയുന്നു.

പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിലാണ് നാലു യുവാക്കളെ വധിച്ചതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. ലഹരിക്കേസുകള്‍ ആരോപിച്ച് 37 പേരെയാണ് തൂക്കിലേറ്റിയത്. പല കേസുകളിലായി 107 പേര്‍ ഇപ്പോഴും ഇറാനില്‍ വധശിക്ഷ കാത്ത് കഴിയുകയാണെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 18-കാരനാണ് തൂക്കിലേറ്റിയവരില്‍ പ്രായം കുറഞ്ഞ ആള്‍. ഇയാളെ ഇറാന്‍ ഭരണകൂടം കസ്റ്റഡിയിലെടുത്ത് നിരന്തരം ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

'സമീപ കാലത്തായി ഇറാനിലെ വധശിക്ഷകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കില്‍ നടക്കുന്ന ഓരോ വധശിക്ഷയും രാഷ്ട്രീയമായി കാണേണ്ടതാണ്. സമൂഹത്തില്‍ ഭയവും ഭീകരതയും സൃഷ്ടിക്കുകയാണ് അവയുടെ ലക്ഷ്യമെന്നും ഐ.എച്ച്.ആര്‍ ഡയറക്ടര്‍ മഹമൂദ് അമിരി മൊഗാദ്ദം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ഐ.എച്ച്.ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ അഞ്ഞൂറിലധികം ആളുകളുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ല്‍ 333 പേരെയും 2020 ല്‍ 267 പേരെയുമാണ് ഇറാന്‍ ഭരണകൂടം വിവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തൂക്കിലേറ്റിയത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യവ്യാപകമായി നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് 18 വയസിന് താഴെയുള്ള 64 പേര്‍ ഉള്‍പ്പെടെ 488 പേരെ ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയതായാണ് ഐ.എച്ച്.ആര്‍ പറയുന്നത്. കൊല്ലപ്പെട്ട 64 പ്രായപൂര്‍ത്തിയാകാത്തവരില്‍ 10 പേര്‍ പെണ്‍കുട്ടികളാണ്.

2010 മുതല്‍ ആകെ 7040 പേരുടെ വധശിക്ഷ ഇറാന്‍ ഭരണകൂടം നടപ്പാക്കിയതായും അതില്‍ 187 സ്ത്രീകളാണെന്നും ഐ.എച്ച്.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് ഇറാനിയന്‍ മോറല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുര്‍ദിഷ് യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനില്‍ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം രാജ്യത്തെ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.