ഭക്ഷ്യ വിഷബാധയെന്ന് സംശയം; വയനാട്ടില്‍ 86 കുട്ടികള്‍ ചികിത്സ തേടി

ഭക്ഷ്യ വിഷബാധയെന്ന് സംശയം; വയനാട്ടില്‍ 86 കുട്ടികള്‍ ചികിത്സ തേടി

കല്‍പ്പറ്റ: ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

അഞ്ഞൂറോളം കുട്ടികളാണ് സ്‌കൂളില്‍ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ സ്രവ സാമ്പിളുകള്‍ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്.

നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഇവരെ വീടുകളിലേക്ക് വിട്ടയക്കുകയാണ് ചെയ്തത്. സ്‌കൂളിലെ ഭക്ഷണ മെനുവിനെതിരെ കുട്ടികള്‍ പരാതിപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.