ബിബിസി ഡോക്യുമെന്ററി വിവാദം: ഹര്‍ജികള്‍ സുപ്രീം കോടതിയില്‍; അടുത്തയാഴ്ച വാദം കേള്‍ക്കും

ബിബിസി ഡോക്യുമെന്ററി വിവാദം: ഹര്‍ജികള്‍ സുപ്രീം കോടതിയില്‍; അടുത്തയാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും എതിര്‍ത്തും ഹര്‍ജികള്‍. ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു.

'ഇന്ത്യ-ദി മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്.

എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഇതേ വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഐ.ടി ചട്ടത്തിലെ പ്രത്യേക അധികാരം പ്രയോഗിച്ചാണ് ഡോക്യുമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ സീനിയര്‍ അഭിഭാഷകന്‍ സിയു സിങ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ ട്വീറ്റുകള്‍ നീക്കം ചെയ്തതായും സിങ് അറിയിച്ചു. ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇനിയും പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

ജി 20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിക്കാന്‍ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ മോഡി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് ബിബിസി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

ഡോക്യുമെന്ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ബിബിസിയുടെ ഡോക്യുമെന്ററി സീരീസിനെതിരെ ശക്തമായി വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു.

ബിബിസിയുടെ കൊളോണിയല്‍ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ഡോക്യുമെന്ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.