ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേക്കുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് തുടക്കം.
ചൊവ്വാഴ്ച രാവിലെ റോമില്‍ നിന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്കാണ് മാര്‍പ്പാപ്പായുടെ വിമാനം പറന്നുയര്‍ന്നത്. യാത്രയുടെ ആദ്യ ഭാഗത്തില്‍ കിന്‍ഷാസയില്‍ ചെലവഴിക്കുന്ന ഫ്രാന്‍സിസ് പാപ്പാ വെള്ളിയാഴ്ച ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലേക്കു പറക്കും. രണ്ട് ക്രിസ്ത്യന്‍ രാജ്യങ്ങളിലും സമാധാനവും കൂടുതല്‍ യോജിപ്പുള്ള സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കാനാണ് മാര്‍പ്പാപ്പ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റെ തീര്‍ത്ഥാടകനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഫെബ്രുവരി അഞ്ചിനു സമാപിക്കും.
കോംഗോയിലും ദക്ഷിണ സുഡാനിലും സമീപകാലത്തുണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മാര്‍പ്പാപ്പ ഏറെ ആശങ്കയിലാണ്. കാല്‍മുട്ടിലെ പ്രശ്‌നം കാരണം വീല്‍ചെയറിലാണ് പാപ്പയുടെ സന്ദര്‍ശനം.
നീണ്ട സംഘട്ടനങ്ങള്‍കൊണ്ട് കലുഷിതമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണിയും രോഗവും മൂലം ജനങ്ങള്‍ നരകയാതനയിലാണ് ജീവിക്കുന്നത്.
വിദേശത്തേക്കുള്ള പാപ്പായുടെ 40-ാമത് അപ്പസ്‌തോലിക യാത്രയാണിത്. ഇരു രാജ്യങ്ങളിലെയും സിവില്‍ അധികാരികള്‍ക്കും ബിഷപ്പുമാര്‍ക്കും അവരുടെ ക്ഷണങ്ങള്‍ക്കും തന്റെ സന്ദര്‍ശനത്തിനായി അവര്‍ നടത്തിയ തയാറെടുപ്പുകള്‍ക്കും പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. ഇന്ന് കിന്‍ഷാസയിലെ ജനങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
37 വര്‍ഷത്തിനുള്ളില്‍ കോംഗോയിലേക്ക് പോകുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പാ.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍ പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെപ്പോലെ, കിന്‍ഷാസ ഇന്നും വൈവിദ്ധ്യാന്തരീക്ഷമുള്ള ഒരു നഗരമാണ്. ബാറുകള്‍ക്കും റുംബ സംഗീതത്തിനും പേരുകേട്ടതാണ്.
അതേസമയം, രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് ജനങ്ങള്‍ അവഗണിക്കപ്പെട്ടു കഴിയുകയാണ്. 1990 കളില്‍ മൊബുട്ടുവിന്റെ പതനത്തിനു ശേഷം പല സ്ഥലങ്ങളിലും സമാധാനം തിരിച്ചെത്തിയിട്ടില്ല. 1998 നും 2007 നും ഇടയില്‍ മാത്രം, 5.4 ദശലക്ഷം ജീവനുകള്‍ സംഘട്ടനങ്ങളിലോ അവ സൃഷ്ടിച്ച മാനുഷിക പ്രതിസന്ധികളിലോ നഷ്ടപ്പെട്ടതായി എയ്ഡ് ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയുടെ ഒരു പഠനം പറയുന്നു.
2020-ല്‍ കിഴക്കന്‍ കോംഗോയില്‍ 120 ലധികം വിമത ഗ്രൂപ്പുകള്‍ ഉള്ളതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അവയിലൊന്നായ എം23, അടുത്തിടെ ഗോമയ്ക്ക് സമീപം ആക്രമണം നടത്തി. അയല്‍രാജ്യമായ റുവാണ്ടയുമായും സംഘര്‍ഷം നിലവിലുണ്ട്. ഏകദേശം 15 ദശലക്ഷം നിവാസികളില്‍ വലിയൊരു ഭാഗം ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.