ഓഹരികള്‍ കൂപ്പുകുത്തി: 20,000 കോടിയുടെ എഫ്.പി.ഒ പിന്‍വലിച്ച് അദാനി ഗ്രൂപ്പ്; തുക തിരിച്ചു നല്‍കുമെന്ന് കമ്പനി

ഓഹരികള്‍ കൂപ്പുകുത്തി: 20,000 കോടിയുടെ എഫ്.പി.ഒ പിന്‍വലിച്ച് അദാനി ഗ്രൂപ്പ്; തുക തിരിച്ചു നല്‍കുമെന്ന് കമ്പനി

മുംബൈ: അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പ നല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സൂയിസിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ബുധനാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ഇതോടെ 20,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) അദാനി ഗ്രൂപ്പ് പിന്‍വലിച്ചു. തുക തിരിച്ചു നല്‍കുമെന്ന ഉറപ്പിന്മേലാണ് തുക പിൻവലിച്ചത്. 

ചൊവ്വാഴ്ച എഫ്.പി.ഒ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഓഹരികള്‍ വന്‍ തോതില്‍ ഇടിവുണ്ടായത്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കി എഫ്.പി.ഒ യുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് കമ്പനി വിലയിരുത്തി. പിന്നാലെയാണ് എഫ്.പി.ഒ യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ചോദ്യങ്ങളാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. ഇതിന് പിന്നാലെ വായ്‌പ നൽകേണ്ടന്ന തീരുമാനം ക്രെഡിറ്റ് സൂയിസ് തീരുമാനിക്കുകയായിരുന്നു.

അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവയുടെ കടപ്പത്രങ്ങള്‍ക്കുള്ള ക്രെഡിറ്റ് മൂല്യം 75 ശതമാനത്തില്‍ നിന്ന് പൂജ്യമായാണ് ക്രെഡിറ്റ് സൂയിസിന്റെ സ്വകാര്യ ബാങ്കിങ് വിഭാഗം വെട്ടിക്കുറച്ചത്. ഇതോടെ അദാനി എന്റര്‍പ്രൈസസ് ഓഹരി വില 34.3 ശതമാനം വരെ ഇടിഞ്ഞു. ഒടുവില്‍ ഓഹരിയൊന്നിന് 848.30 രൂപ നഷ്ടത്തില്‍ 2128.70 രൂപയില്‍ വ്യാപാരം നിര്‍ത്തി.

അദാനി പോര്‍ട്‌സ് 120 രൂപയുടെയും (19.69 ശതമാനം) അദാനി പവര്‍ 11.15 രൂപയുടെയും (4.99 ശതമാനം) ഇടിവുനേരിട്ടു. അദാനി ട്രാന്‍സ്മിഷന്‍ 43.70 രൂപ, അദാനി ഗ്രീന്‍ എനര്‍ജി 70.70 രൂപ, അദാനി ടോട്ടല്‍ ഗ്യാസ് 211.25 രൂപ, അദാനി വില്‍മര്‍ 23.30 രൂപ, എന്‍.ഡി.ടി.വി. 12.30 രൂപ, എ.സി.സി. 124.95 രൂപ, അംബുജ സിമന്റ്‌സ് 66.40 രൂപ എന്നിങ്ങനെ ഇടിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവ് 8600 കോടി ഡോളറിലെത്തി. ഏകദേശം ഏഴുലക്ഷം കോടി രൂപയുടെ ഇടിവ്. 

ഇതോടെ ഏഷ്യയിലെ അതിസമ്പന്നനെന്ന പദവിയടക്കം ഗൗതം അദാനിക്ക് നഷ്ടമായി. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി തിരിച്ചെത്തുകയും ചെയ്തു. ഫോബ്‌സിന്റെ ആഗോള പട്ടികയില്‍ അദാനി പതിനഞ്ചാമതായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.