കൊച്ചി: തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൈക്കൂലി കേസിൽ അന്വേഷണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഫ്‌ഐആറില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയെന്നാണ് സൈബി ജോസിനെതിരെയുള്ള ആരോപണം. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
'ചതി ചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ' എന്നതിന് പകരം 'ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ' എന്ന വാചകം എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം പിന്നീട് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സൈബി ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് കേട്ട്‌കേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മൊഴികളിലും താന്‍ ജഡ്ജിമാര്‍ക്ക് നല്‍കാനായി പണം വാങ്ങിയെന്ന് പറയുന്നില്ല. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.