ജനദ്രോഹ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; ഇന്ധന സെസ് കുറച്ച് മുഖം രക്ഷിക്കാന്‍ ആലോചന

ജനദ്രോഹ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; ഇന്ധന സെസ് കുറച്ച് മുഖം രക്ഷിക്കാന്‍ ആലോചന

തിരുവനന്തപുരം: ജനരോഷം രൂക്ഷമായതിന് പിന്നാലെ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കാന്‍ എല്‍ഡിഎഫ് ആലോചന തുടങ്ങി. രണ്ട് രൂപ സെസ് എന്നത് ഒരു രൂപയാക്കാൻ  ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുകയായിരുന്നു.

എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇന്ധന സെസില്‍ പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയാറാകുന്നതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ധനവിനെ ന്യായീകരിക്കുന്നത്.

കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍. നികുതി - സെസ് വര്‍ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20 ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

സെസ് കൂട്ടുന്നതില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നില്ല. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ ചുമതല മുന്നണി ധനമന്ത്രിക്ക് നല്‍കിയിരുന്നു. ബജറ്റിന്റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.