വാഷിംഗ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിയിൽ പ്രത്യക്ഷത്തിൽ ചാര ബലൂൺ പറത്താനുള്ള ചൈനയുടെ തീരുമാനം അംഗീകരിക്കാനാവാത്തതും നിരുത്തരവാദപരവുമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. സംഭവത്തെ "നമ്മുടെ പരമാധികാരത്തിന്റെ മേലുള്ള ലംഘനം" എന്നാണ് ബ്ലിങ്കെൻ വിശേഷിപ്പിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബ്ലിങ്കന്റെ ചൈനാ യാത്ര റദ്ദാക്കി. ഭിന്നതയെ തുടർന്ന് നിരവധി വർഷങ്ങളായി അകന്നു നിന്നിരുന്ന അമേരിക്ക-ചൈന ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബെയ്ജിംഗിൽ നടക്കേണ്ടിയിരുന്ന ആദ്യത്തെ ഉന്നതതല കൂടിക്കാഴ്ചയാണ് ഇതോടെ മാറ്റിവെച്ചത്. ദീർഘകാലമായി ആസൂത്രണം ചെയ്ത സന്ദർശനത്തിന്റെ തലേന്ന് ഇത്തരം റിപ്പോർട്ടുകൾ വരുന്നത് കൂടുതൽ നിരുത്തരവാദപരമാണെന്നും സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
വിഷയത്തിൽ ചൈന ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കണ്ടെത്തിയത് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റിയതാകാമെന്നുമാണ് ചൈനയുടെ വിശദീകരണം. എന്നാൽ അതിനിടെ ലാറ്റിനമേരിക്കൻ രാജ്യത്തും പെന്റഗൺ രണ്ടാമത്തെ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.
ലാറ്റിനമേരിക്കയിലേക്ക് ഒരു ബലൂൺ കടന്നുപോകുന്നതിന്റെ റിപ്പോർട്ടുകൾ കാണുന്നുവെന്നും ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്ന് ഇപ്പോൾ വിലയിരുത്തുന്നുവെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗ് ജനറൽ പാട്രിക് റൈഡർ പറഞ്ഞു. എന്നാൽ എവിടെയാണ് ബലൂൺ കണ്ടെത്തിയത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല .
ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിംഗിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ചൈനീസ് ബലൂൺ കണ്ടെത്തിയത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരമാണ് യാത്ര മാറ്റി വെയ്ക്കാൻ തീരുമാനിച്ചത്. ഈ സമയത്ത് ചൈനയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് ബൈഡൻ ബ്ലിങ്കനോട് വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം തീരുമാനിച്ചിരുന്നത്. സുരക്ഷ, തായ്‌വാൻ, കോവിഡ് -19 എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്താനാണ് അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞൻ ഫെബ്രുവരി അഞ്ച്, ആറ് തിയതികളിലായി ബീജിംഗ് സന്ദർശിക്കാൻ സുപ്രധാന തീരുമാനമെടുത്തത്.
എന്നാൽ വ്യാഴാഴ്ച അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കയ്ക്ക് മുകളിലൂടെ ഒരു നിരീക്ഷണ ബലൂൺ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ അമേരിക്ക പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചു. വാണിജ്യ വ്യോമഗതാഗതത്തിന് വളരെ മുകളിലൂടെ സഞ്ചരിക്കുന്നതിനാൽ ബലൂൺ ഭൂമിയിലുള്ള ആളുകൾക്ക് സൈനികമോ ശാരീരികമോ ആയ ഭീഷണി ഉയർത്തിയിരുന്നില്ല.
എന്നാൽ അതിന്റെ സാന്നിധ്യം പ്രകോപനം സൃഷ്ടിച്ചു. ഇതോടെ നേരത്തെ മുതല്‍ തന്നെ കലുഷിതമായിരുന്ന അമേരിക്ക-ചൈന ബന്ധം കൂടുതല്‍ സങ്കീർണമാകുമെന്നാണ് വിലയിരുത്തലുകള്‍. സംഭവം പ്രധാന ചർച്ചാവിഷയമായതോടെ വെള്ളിയാഴ്ച, ബലൂൺ തങ്ങളുടെതാണെന്ന് ചൈന സമ്മതിച്ചു.
എന്നാൽ ഇത് കാലാവസ്ഥാ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ഒരു സിവിലിയൻ എയർഷിപ്പാണെന്നും മോശം കാലാവസ്ഥ കാരണം അതിന്റെ യഥാർത്ഥ ഗതിയിൽ നിന്നും വ്യതിചലിച്ച് വന്നതാണെന്നുമായിരുന്നു വിശദീകരണം. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശ്‌നം പരിഹരിക്കാൻ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, ബലൂണിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചെങ്കിലും, ഇത് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിൽ ഉറച്ചുനിൽക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന വ്യോമാതിർത്തി ലംഘിച്ചതിനെ കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മറ്റ് നമറിക്കാൻ സഖ്യകക്ഷികളെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ബലൂൺ കിഴക്കോട്ട് "അമേരിക്കൻ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്ത്" ഏകദേശം 60,000 അടി (18,200 മീറ്റർ) ഉയരത്തിലാണ് ബലൂൺ നീങ്ങിയതെന്നും എയർഫോഴ്സ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ വ്യക്തമാക്കുന്നു.
അതിനിടെ സംഭവത്തിൽ ചൈനയുടെ അംബാസഡറെ വിളിച്ചുവരുത്തിയതായും ചൈനീസ് ഉദ്യോഗസ്ഥരോട് തങ്ങളുടെ നിലപാട് ശക്തമായി പ്രകടിപ്പിക്കുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മൊണ്ടാനയിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ബലൂൺ അലാസ്കയ്ക്കും കാനഡയ്ക്കും മുകളിലൂടെയാണ് പറന്നിട്ടുണ്ട്. കഴിഞ്ഞ വർഷം തായ്‌വാൻ പ്രതിരോധ മന്ത്രാലയവും തങ്ങളുടെ പ്രദേശത്ത് ചൈനീസ് ബലൂണുകൾ കണ്ടെത്തിയതായി അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.