മോഹന്‍ ബഗാനെ കീഴടക്കി; പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ബെംഗളൂരു ആറാം സ്ഥാനത്ത്

മോഹന്‍ ബഗാനെ കീഴടക്കി; പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ബെംഗളൂരു ആറാം സ്ഥാനത്ത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മോഹന്‍ ബഗാന് തോല്‍വി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരു എഫ്സിയാണ് മുന്‍ ചാമ്പ്യന്മാരെ കീഴടക്കിയത്. ജയത്തോടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി.

സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് എടികെ മോഹന്‍ ബഗാന്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ബെംഗളൂരുവിനായി ജാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌ട്രൈക്കര്‍ ദിമിത്രി പെട്രറ്റോസ് എടികെയുടെ ആശ്വാസഗോള്‍ നേടി. 

സെമിയിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള മോഹന്‍ ബഗാന്റെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണിത്. ലീഗ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ക്കാണ് സെമിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവുക. മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് മത്സരം വിജയിച്ചാല്‍ മാത്രമേ സെമിയിലേക്കെത്താനാകൂ. 16 മത്സരങ്ങളില്‍ നിന്ന് 27 പോയന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. 

ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുള്ള ഹൈദരാബാദ് എഫ്സിയാണ് രണ്ടാമത്. പരാജയത്തോടെ ആദ്യ രണ്ട് സ്ഥാനത്തെത്താനുള്ള ബഗാന്റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. അതേ സമയം 17 മത്സരങ്ങളില്‍ നിന്ന് 25 പോയന്റോടെ ആറാം സ്ഥാനത്തെത്തിയ ബെംഗളൂരു പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.