ഇസ്താബൂള്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും തുടര്‍ച്ചയായുണ്ടായ ഭൂചലനത്തില്‍ മരണം 1300 കടന്നു. 2,300 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മഞ്ഞുവീഴ്ച മൂലമുള്ള ഗതാഗത തടസം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കിയിലെ പല പ്രവിശ്യകളിലും ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ മലത്യ പ്രവിശ്യയില്‍ 130 കെട്ടിടങ്ങളും ദിയാര്‍ബക്കിറില്‍ 15 കെട്ടിടങ്ങളും തകര്‍ന്നു.
തെക്കന്‍ ഉസ്മാനിയ പ്രവിശ്യയില്‍ 34-ലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായി ഉസ്മാനിയ ഗവര്‍ണര്‍ പറഞ്ഞു. പ്രധാന നഗരമായ ഗാസിയാന്‍ടേപ്പില്‍ നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ ഭൂമിക്കടിയിലാണ് ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഹ്റമന്‍മാരാസ് പ്രവിശ്യയിലെ പസാര്‍സിക് പട്ടണത്തിലാണ് അനുഭവപ്പെട്ടതെന്ന് തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സിയായ എഎഫ്എഡി അറിയിച്ചു. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 99 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 334 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ നഗരമായ ആലപ്പോയിലും ഹാമയിലും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും ആളുകള്‍ കൊല്ലപ്പെട്ടതായും സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയുടെ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി അതിര്‍ത്തിയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രതിപക്ഷ സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവിടെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ടിലും ഡമാസ്‌കസിലും കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ആളുകള്‍ ഭയന്ന് തെരുവിലിറങ്ങി.
ആളുകള്‍ ഉറങ്ങിക്കിടന്നിരുന്ന സമയത്താണ് ഭൂചലനമുണ്ടായത് എന്നതിനാല്‍ തന്നെ നാശനഷ്ടങ്ങളുടെ വളരെ വലുതാണ്. താമസസ്ഥലങ്ങളില്‍നിന്നും ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല. ദുരന്ത മേഖലകളിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണമെന്നും തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗര്‍ ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വീട്ടില്‍ ധരിക്കുന്ന വസ്ത്രങ്ങളിലാകെ രക്തത്തില്‍ കുളിച്ച് തെരുവില്‍ നില്‍ക്കുന്നവരുടെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഭൂകമ്പം വലിയ നാശം വിതച്ചതിന് പിന്നാലെ ഡാമുകളില്‍ വിള്ളലുണ്ടോയെന്ന് പരിശോധിക്കാന്‍ തുര്‍ക്കി അക്കാദമി സയന്‍സിലെ ഭൂകമ്പ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഡാമുകള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ വലിയ അപകടം ഒഴിവാക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കേണ്ടി വരും.
തുര്‍ക്കിയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. 'തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതു വേദനാജനകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്.' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.