വിറങ്ങലിച്ച് ന്യൂയോര്‍ക്കും: രേഖപ്പെടുത്തിയത് 40 വര്‍ഷത്തിനിടെ ഏറ്റവും തീവ്രത കൂടിയ ഭൂചലനം; തുര്‍ക്കിയിലും സിറിയയിലും മരണം 2400 കവിഞ്ഞു

വിറങ്ങലിച്ച് ന്യൂയോര്‍ക്കും: രേഖപ്പെടുത്തിയത് 40 വര്‍ഷത്തിനിടെ ഏറ്റവും തീവ്രത കൂടിയ ഭൂചലനം; തുര്‍ക്കിയിലും സിറിയയിലും മരണം 2400 കവിഞ്ഞു

ന്യൂയോര്‍ക്ക്: തുര്‍ക്കിയിലും സിറിയയിലും രണ്ടായിരത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ വമ്പന്‍ ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലും ഭൂചലനം രേഖപ്പെടുത്തിയതായി സ്ഥിരീകരണം. ബഫലോയുടെ കിഴക്കന്‍ മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചയാണ് 3.8 തീവ്രതയുള്ള ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. 40 വര്‍ഷത്തിനിടെ ന്യൂയോര്‍ക്കില്‍ രേഖപ്പടുത്തിയ ഏറ്റവും തീവ്രത കൂടിയ ഭൂകമ്പമാണിതെന്നാണ് റിപ്പോര്‍ട്ട്.

നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവില്‍ ഭൂകമ്പമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നേരിയ ഭൂചനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും തീവ്രത കൂടിയ ഭൂചലനം ഉണ്ടാവുന്നത് വിരളമാണ്. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 2431 ആയി. തുര്‍ക്കിയില്‍ മാത്രം 1,541പേര്‍ മരിച്ചു. സിറിയയില്‍ 890 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയില്‍ 24 മണിക്കൂറിനിടെ മൂന്ന് ഭൂചലനമാണ് ഉണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, ആറ് എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങള്‍ കൂടിയാണ് ഉണ്ടായത്. ഇതിനു തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കിഷ് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. എമര്‍ജന്‍സി മെഡിക്കല്‍ ടീം ശൃംഘലകള്‍ പ്രവര്‍ത്തന നിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയനും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.