തിരുവനന്തപുരം: വെള്ളക്കരം വിഷയത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് നിഷേധിച്ചതോടെ പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. എം. വിന്‍സന്റ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിക്കുകയാണ് റോഷി അഗസ്റ്റിന്‍ ചെയ്തത്. വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
നോട്ടീസ് വന്നത് നന്നായെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടര്‍ അതോറിറ്റി നേരിടുന്നത്. 1263 കോടി കെഎസ്ഇബിക്ക് മാത്രം കൊടുക്കാന്‍ ഉണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസ ആണ് കൂടിയത്. ജല ഉപയോഗത്തില്‍ കുറവ് വരുത്താന്‍ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കേണ്ട സമയമായി.
ബ്ലീച്ചിങ് പൗഡര്‍ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
മരണക്കിടക്കയില്‍ കിടക്കുന്ന ആള്‍ക്ക് കൊടുക്കാനുള്ള വെള്ളത്തിനും എംഎല്‍എമാര്‍ കത്ത് നല്‍കേണ്ടി വരുമോ എന്ന് എം. വിന്‍സന്റ് എംഎല്‍എ ചോദിച്ചു. ആരാച്ചാര്‍ക്ക് ഉള്ള ദയ പോലും സര്‍ക്കാരിനില്ല. 70 ലക്ഷം പേര്‍ക്ക് ഈ ചാര്‍ജ് വര്‍ധനവ് ബാധകമാകുന്നു. ഒരു പുതിയ സ്‌കീം പോലും വന്നിട്ടില്ല. പുതിയ പദ്ധതി ഇല്ല. കിട്ടാത്ത വെള്ളത്തിന് ചാര്‍ജ് അടയ്‌ക്കേണ്ട സ്ഥിതിയാണ്.
അടച്ചിട്ട വീടിന് നികുതി ഏര്‍പ്പെടുത്തിയ പോലെ, കിട്ടാത്ത വെള്ളത്തിന് നികുതിയാണ്. സര്‍ക്കാര്‍ വകുപ്പുകളാണ് കുടിശ്ശികയില്‍ മുന്നിലെന്നും വിന്‍സന്റ് എംഎല്‍എ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
നികുതി ഈടാക്കല്‍ മനുഷ്യന്റെ അവസ്ഥ പരിഗണിച്ചാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യ സ്ഥിതിയാണ്. എല്ലാ വീട്ടിലേക്കും ജപ്തി നോട്ടീസ് വരുന്നു. കടക്കെണിയില്‍ ആണ് കേരളം. രൂക്ഷമായ വിലക്കയറ്റം ജനം നേരിടുന്നു.
നാല് അംഗങ്ങള്‍ ഉള്ളകുടുംബത്തിന് 4000 രൂപ വരെ ഒരു മാസം അധികം വേണ്ട സാഹചര്യമാണ്. എന്നാല്‍ വരുമാനം കൂടുന്നുമില്ല. നിങ്ങള്‍ ഇത് സാധാരണക്കാരുടെ കഷ്ടപ്പാട് കണക്കാക്കാതെ ഒറ്റ അടിക്ക് എല്ലാം കൂട്ടുന്നു. ബജറ്റിന് പിന്നാലെ വെള്ളക്കരം സഭ അറിയാതെ കൂട്ടിയത് ശരി അല്ല. സഭായോടുള്ള അനാദരവാണിത്.
ഇന്ധന സെസ് കൂട്ടിയതിനു പിന്നാലെ എന്ത് ധൈര്യത്തില്‍ ആണ് വെള്ളക്കരം കൂട്ടിയത്? വൈദ്യുതി ബോര്‍ഡ് ലാഭത്തില്‍ എന്ന് പറയുമ്പോള്‍ ആണ് നിരക്ക് കൂട്ടിയത്. 142 രൂപ ബില്ല് കൊടുത്തിരുന്ന ആള്‍ 442 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്. ഒറ്റയടിക്ക് 300 രൂപ കൂട്ടിയിരിക്കുകയാണ്. പ്രയാസപ്പെടുന്ന ആളുകളുടെ കരണത്ത് മാറി മാറി അടിക്കുകയാണ് സര്‍ക്കാര്‍.
കുടിശിക പിരിക്കുന്നതില്‍ പരാജയപ്പെട്ടു. ആ ഭാരം ജനങ്ങള്‍ക്ക് മേല്‍ വെച്ചു. 45% ആണ് വെള്ളത്തിന്റെ വിതരണ നഷ്ടം. റോഷി അഗസ്റ്റിന്‍ മാറി. തനിക്ക് അറിയാവുന്ന ഒരു റോഷി അഗസ്റ്റിന്‍ ഉണ്ടായിരുന്നു. ഒന്നുകില്‍ അപ്പുറത്തു പോയത് കൊണ്ട് മാറി അല്ലെങ്കില്‍ മന്ത്രി ആയപ്പോള്‍ മാറി. ജനങ്ങളെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.