ആദ്യം ഞെട്ടി, പിന്നെ ഞെട്ടിച്ചു; മടങ്ങി വരവ് ആഘോഷമാക്കി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

ആദ്യം ഞെട്ടി, പിന്നെ ഞെട്ടിച്ചു; മടങ്ങി വരവ് ആഘോഷമാക്കി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മൂന്ന് മത്സരങ്ങളിലെ തോൽവിയിൽ നിന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഗംഭീര തിരിച്ച് വരവ് നടത്തി ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്‌ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചു വരവ് ആഘോഷമാക്കിയത്.
ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയും മലയാളിതാരം കെ.പി. രാഹുലും ലക്ഷ്യം കണ്ടു. അബ്ദെനാസ്സര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിനിന്റെ ആശ്വാസ ഗോള്‍ നേടിയത്.

വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ചെന്നൈയിനാകട്ടെ 17 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി എട്ടാമതാണ്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ച് വരവ്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിന്‍ ലീഡെടുത്തു. സൂപ്പര്‍താരം അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.

11-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കെ.പി. രാഹുൽ ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി. 21-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറിന് കിട്ടിയ മികച്ച അവസരവും അനാവശ്യ ഷോട്ടുതിര്‍ത്ത് നഷ്ടമാക്കി. ഡയമന്റക്കോസിന് പാസ് നല്‍കാവുന്ന അവസരമാണ് താരം പാഴാക്കിയത്. തുടർന്ന് ലഭിച്ച അവസരങ്ങളും ബ്ലാസ്റ്റേഴ്‌സ് തരങ്ങൾക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് കളിയിലുടനീളം അധിപത്യം പുലർത്തി. അതിന്റ ഫലം എന്നവണ്ണം 38-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. സഹലിന്റെ കാലില്‍ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലത് മൂലയിലൂടെ ഷോട്ടുതിർക്കുകയായിരുന്നു. 43-ാം മിനിറ്റിലും ഗോളെന്ന് തോന്നിച്ച രാഹുലിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ വീണുകിട്ടിയ അവസരം മുതലാക്കി ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 64-ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലാണ് ടീമിനായി ലീഡ് സമ്മാനിച്ചത്. ലൂണയുടെ അസാമാന്യമായ ക്രോസ് കൃത്യം രാഹുലിന്റെ കാലിലേക്കാണ് വന്നത്. അനായാസം പന്ത് വലയിലെത്തിച്ച് രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന് മേല്‍ക്കൈ സമ്മാനിച്ചു.

69-ാം മിനിറ്റില്‍ ഖയാത്തി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം വിതച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് അത്യുജ്ജ്വലന്‍ ഡൈവിലൂടെ ഗില്‍ തട്ടിയകറ്റി. പിന്നാലെ ചെന്നൈയിന്‍ ആക്രമണം നിരന്തരം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. വൈകാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഫിസിൽ മുഴങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.