ബജറ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമെന്നും പിണറായി വിജയന്‍

ബജറ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: പൊതുജനത്തിന്റെ പോക്കറ്റടിക്കുന്ന സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

റിലയന്‍സിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്ത് മന്ത്രിമാരെ വരെ മാറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇന്ധനത്തിന് ഒരു രൂപ അധിക നികുതി ഏര്‍പ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്.

സെസ് ഏര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യം സഭയില്‍ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്നും പിണറായി കുറ്റപ്പെടുത്തി.

യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമര കോലാഹലങ്ങള്‍ ജനം മുഖവിലക്ക് എടുക്കില്ല. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുകളില്‍ കൃത്യമായ മറുപടി നിയമസഭയില്‍ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ ബജറ്റിന് മുന്‍പും ഇപ്പോഴും പ്രചരിപ്പിക്കുന്നു.

കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോള്‍ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു ആകെ കടം. 2021-22 ല്‍ അത് 37.01 ശതമാനമായി കുറഞ്ഞു. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വര്‍ഷത്തില്‍ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് കാലത്ത് സര്‍ക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളര്‍ച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കടം വര്‍ധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജന ജീവിതം ദുരിതമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍ അസാധാരണ സാമ്പത്തിക സാഹചര്യമാവും.

അതാണ് കോവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തില്‍ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു.

കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം കടത്തിന്റെ വളര്‍ച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളര്‍ച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളര്‍ച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നു കാട്ടും.

ഈ സര്‍ക്കാര്‍ കാലത്ത് തനത് വരുമാനം വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ല്‍ ജിഎസ്ടി വരുമാന വളര്‍ച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയര്‍ന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം നടത്തുന്ന സമരം നാടിന് ഗുണകരമല്ല. നമ്മുടെ രാജ്യത്ത് വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടിയാണ് കേരളത്തിലെ 2021-22 ലെ 12 ശതമാനം. സര്‍ക്കാര്‍ വകുപ്പുകളുടെ പങ്ക് കുറച്ച് കാണരുത്. മൂലധന ചെലവും വികസന ചെലവും ധൂര്‍ത്തല്ല. അങ്ങിനെ ചിത്രീകരിക്കുന്നത് ആശാസ്യമല്ല. സങ്കുചിത രാഷ്ട്രീയം വെച്ച് ഏത് വിധേനയും സര്‍ക്കാരിനെ താറടിക്കാനാണ് ശ്രമം.

കേരളത്തിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തില്‍ നിന്ന് 60 ആക്കി കുറച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യതയായി. കേന്ദ്ര നികുതി വിഹിതം വെട്ടി കുറച്ചു. 17,820 കോടിയാണ് 2021-22 കാലത്ത് ലഭിച്ചത്. 2022-23 കാലത്ത് 17804 കോടി രൂപയായി ഇത് കുറഞ്ഞു. ഇത്തരത്തില്‍ പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ ബിജെപി സര്‍ക്കാര്‍ തകിടം മറിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.