ചൊവ്വയിലെ ജലസാന്നിധ്യം: തെളിവുകള്‍ പുറത്തു വിട്ട് നാസ; ക്യൂരിയോസിറ്റി കൂട്ടി 'ക്യൂരിയോസിറ്റി'

ചൊവ്വയിലെ ജലസാന്നിധ്യം: തെളിവുകള്‍ പുറത്തു വിട്ട് നാസ; ക്യൂരിയോസിറ്റി കൂട്ടി 'ക്യൂരിയോസിറ്റി'

വാഷിംഗ്ടൺ: ചൊവ്വയിൽ ശതകോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് വെള്ളമൊഴുകിയിരുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവുകള്‍ കണ്ടെത്തി നാസയുടെ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി റോവര്‍. ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളിൽ തിരകൾ പോലുള്ള ഘടന (rippled rock textures) രൂപപ്പെട്ടതാണ് കണ്ടെത്തിയത്.

ചൊവ്വയിലെ ജലതരംഗങ്ങളെ കുറിച്ച് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വ്യക്തമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് നാസയിലെ ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി.


ക്യൂരിയോസിറ്റി റോവര്‍

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലെ ആഴം കുറഞ്ഞ തടാകങ്ങളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ ചലനം മൂലം പാറകളിൽ നിന്നു ചില ധാതുക്കൾ അടർന്നുമാറി. ഇതാണ് കാലക്രമേണ തരംഗത്തിന്റെ മാതൃക പാറകളില്‍ പതിയുന്നതിന് കാരണമായതെന്നും ഈ ഘടനയെക്കുറിച്ച് നാസ വിശദീകരിച്ചു.

ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലെ നിർണായക കണ്ടെത്തലാണിതെന്ന് നാസയിലെ അശ്വിൻ വാസവദ പറഞ്ഞു. നാസയുടെ ചൊവ്വ സയൻസ് ലാബ് (എംഎസ്എൽ) പര്യവേക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനായ അശ്വിൻ. 2013 ൽ നാസയുടെ എക്സെപ്ഷനൽ അച്ചീവ്മെന്റ് മെഡൽ നേടിയ ഈ തമിഴ്നാട്ടുകാരൻ വ്യാഴത്തിലേക്കുള്ള ഗലീലിയോ മിഷനിലും ശനിയിലേക്കുള്ള കസീനി മിഷനിലും അംഗമായിരുന്നു.

അതേസമയം റോവര്‍ മുമ്പ് ചൊവ്വയിൽ കായല്‍ നിക്ഷേപങ്ങള്‍ എന്ന് കരുതിയിരുന്ന നിരവധി പ്രദേശങ്ങൾ പരിശോധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ജലതരംഗത്തിന്റെ തെളിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ വരണ്ട ഭാഗം എന്ന് പ്രതീക്ഷിച്ച സ്ഥലത്ത് നിന്നാണ് ഇത്തരമൊരു തെളിവ് ലഭിച്ചത് എന്നും വാസവദ വ്യക്തമാക്കി.


കൂടാതെ പ്രാചീനകാലത്ത് ചൊവ്വയിൽ വമ്പൻ മണൽക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്കു കിട്ടിയിട്ടുണ്ട്. ചൊവ്വയിലെ കാലാവസ്ഥ വളരെ സങ്കീർണമായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2014 മുതല്‍ മൗണ്ട് ഷാര്‍പ്പ് എന്ന 5 കിലോമീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ റോവര്‍ പര്‍വതാരോഹണം നടത്തി നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പര്‍വതത്തില്‍ ധാരാളം ജലധാരകളും തടാകങ്ങളും ഉണ്ടായിരുന്നു. ചൊവ്വയില്‍ സൂക്ഷ്മ ജീവികള്‍ ഉണ്ടെങ്കില്‍ അവയ്‌ക്ക് ഏറ്റവും മികച്ച ആവാസ വ്യവസ്ഥയായിരുന്നു ഇത്.


ഈ മലയുടെ അടിത്തട്ടില്‍ നിന്ന് അര മൈല്‍ മുകളിലേക്ക് ക്യൂരിയോസിറ്റി റോവര്‍ കയറിയപ്പോഴാണ് ജലതരംഗ രൂപം ഉപരിതലത്തില്‍ പതിഞ്ഞ പാറകള്‍ കണ്ടെത്തിയത്. ഈ പാറകൾക്ക് മാര്‍ക്കര്‍ ബാന്‍ഡ് എന്നാണ് ശാസ്‌ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. ഈ പാറകളുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന ഗെഡിസ് വാലിസ് എന്ന് വിളിക്കപ്പെടുന്ന താഴ്‌വരയില്‍ നിന്നും ചൊവ്വയിലെ ആദിമ കാലാവസ്ഥയെ കുറിച്ചും ജല സാന്നിധ്യത്തെകുറിച്ചും തെളിവുകള്‍ ലഭിച്ചെന്ന് വാസവദ പറഞ്ഞു.

ജലതരംഗങ്ങള്‍, അവശിഷ്‌ടങ്ങളുടെ ചലനം, പാറകളിലെ പാടുകൾ എന്നിവ ചൊവ്വയിലെ ഈര്‍പ്പവും നനവുള്ളതുമായ ഭാഗങ്ങളെ അത്ര ലളിതമായി വിശദീകരിക്കാന്‍ പറ്റില്ല എന്നാണ് കാണിക്കുന്നതെന്ന് വസവദ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയെ പോലെ തന്നെ ആദിമ കാലത്തെ ചൊവ്വയിലെ കാലാവസ്ഥ വളരെ സങ്കീര്‍ണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യൂരിയോസിറ്റി റോവര്‍

ഒരു കാറിന്‍റെ വലിപ്പമുള്ള ബഹിരാകാശ വാഹനമാണ് ക്യൂരിയോസിറ്റി റോവര്‍. വരണ്ട തടാകം എന്ന് വിശ്വസിക്കുന്ന ചൊവ്വയിലെ ഗേല്‍ ഗര്‍ത്തത്തെ പര്യവേഷണം നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. 2012 ഓഗസ്റ്റ് 6 നാണ് ഗേല്‍ ഗര്‍ത്തത്തിന്റെ വടക്കന്‍ ഭാഗത്ത് ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്‌തത്. ചൊവ്വയുടെ കാലാവസ്ഥ ഭൂഗര്‍ഭശാസ്‌ത്രം എന്നിവ പഠിക്കുക എന്നതും ക്യൂരിയോസിറ്റി റോവറിന്‍റെ ദൗത്യത്തിൽ ഉൾപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.