ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍

ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍

കൊച്ചി: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയുടെ ചാന്‍സലറായി ഫാ. എബ്രഹാം കാവില്‍പുരയിടത്തിലിനെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ നിയമനം.

2023 ഫെബ്രുവരി ഒന്‍പത് വ്യാഴാഴ്ച്ച മേജര്‍ ആര്‍ച് ബിഷപിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുത്തു.

താമരശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയില്‍ കാവില്‍പുരയിടത്തില്‍ പരേതരായ എബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973 ലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1990ല്‍ താമരശേരി രൂപതാ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു.

ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലും പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്നുമായി വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2000 ഡിസംബര്‍ 26 ന് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. 2005ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം സാന്ത ക്രോച്ചേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലത്തീന്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.

റോമില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം താമരശേരി രൂപതയുടെ ചാന്‍സലര്‍, പി.ആര്‍.ഒ., വൈദിക സമിതി സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2015 മുതല്‍ സീറോ മലബാര്‍ സഭയുടെ വക്താക്കളുടെ ടീമില്‍ അംഗമായി. 2019 ലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ വൈസ് ചാന്‍സലറായി നിയമിതനായത്. 2019 മുതല്‍ 2022 വരെ സഭയുടെ പി.ആര്‍.ഒ ആയിരുന്നു.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ ചാന്‍സലറായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ തന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി തൃശൂര്‍ അതിരൂപതയിലെ പഴുവില്‍ സെന്റ് ആന്റണിസ് ഫൊറോനാ ഇടവകയുടെ വികാരിയായി നിയമിതനായി. ഫെബ്രുവരി ഒന്‍പതിന് അദ്ദേഹം പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26