അശ്വിനും ജഡേജയും തകര്‍ത്തു; ഓസ്‌ട്രേലിയ 91 റണ്‍സിന് പുറത്ത്

അശ്വിനും ജഡേജയും തകര്‍ത്തു; ഓസ്‌ട്രേലിയ 91 റണ്‍സിന് പുറത്ത്

നാഗ്പുര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 91 റണ്‍സില്‍ അവസാനിച്ചു. മൂന്ന് ദിവസം കൊണ്ടാണ് ഇന്ത്യന്‍ ജയം.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 400 റണ്‍സ് അടിച്ചെടുത്തു. 223 റണ്‍സ് ലീഡ് വഴങ്ങിയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ജഡേജ ഓസ്ട്രേലിയയുടെ അന്തകനായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഓസീസ് ഭയപ്പെട്ടതു തന്നെ സംഭവിച്ചു.

അശ്വിന്‍ കൊടുങ്കാറ്റില്‍ അവര്‍ ആടിയുലഞ്ഞു. അഞ്ച് വിക്കറ്റുകള്‍ പിഴുതാണ് അശ്വിന്‍ ഓസ്ട്രേലിയയുടെ കറക്കി വീഴ്ത്തിയത്. ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. 12 ഓവര്‍ എറിഞ്ഞ അശ്വിന്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് ഓസീസ് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റെടുത്ത അശ്വിന്‍ രണ്ടിന്നിങ്സിലുമായി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ പിടിച്ചു നിന്നത്. മാര്‍നസ് ലബുഷെയ്ന്‍ 17 റണ്‍സും ഡേവിഡ് വാര്‍ണര്‍, അലക്സ് കാരി എന്നിവര്‍ പത്ത് റണ്‍സ് വീതവും കണ്ടെത്തി. ഉസ്മാന്‍ ഖവാജ (അഞ്ച്), മാറ്റ് റന്‍ഷോ (രണ്ട്), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (ആറ്), പാറ്റ് കമ്മിന്‍സ് (ഒന്ന്), ടോഡ് മര്‍ഫി (രണ്ട്), നതാന്‍ ലിയോണ്‍ (എട്ട്), സ്‌കോട്ട് ബോളണ്ട് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 212 പന്തില്‍ 120 റണ്‍സ് രോഹിത് അടിച്ചെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ ബാറ്റിങും കളിയില്‍ നിര്‍ണായകമായി. അക്ഷര്‍ പട്ടേല്‍ 174 പന്തില്‍ 84 റണ്‍സെടുത്തു പുറത്തായി. ജഡേജ 70 റണ്‍സെടുത്തു.

മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സെടുത്തു മടങ്ങി. മൂന്നാം ദിവസം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ജഡേജയെ ഇന്ത്യയ്ക്കു നഷ്ടമായി. 185 പന്തില്‍ 70 റണ്‍സെടുത്ത ജഡേജയെ ടോഡ് മര്‍ഫി ബോള്‍ഡാക്കി. തുടര്‍ന്നാണ് ഷമി- അക്ഷര്‍ സഖ്യം കൈ കോര്‍ത്തത്. സ്‌കോര്‍ 380ല്‍ എത്തിച്ചാണ് ഷമി പുറത്തായത്.

ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റില്‍ 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയാണ് രോഹിത് രണ്ടാം ദിനം ഇന്ത്യയെ ലീഡില്‍ എത്തിച്ചത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ പന്തിലാണ് രോഹിത് പുറത്തായത്. എട്ടാം വിക്കറ്റില്‍ ജഡേജയും അക്ഷറും ചേര്‍ന്ന് 81 റണ്‍സ് നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.