കർഷക കണ്ണീർ ഇന്ത്യയെ വെണ്ണീർ ആക്കരുത്

കർഷക കണ്ണീർ ഇന്ത്യയെ വെണ്ണീർ ആക്കരുത്

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള അഞ്ഞൂറോളം കര്‍ഷക സംഘടനകളുടെ പിന്തുണയോടെ ലക്ഷക്കണക്കിന് കര്‍ഷകരാണ് മോഡി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നത്. കര്‍ഷക സമരം മുറുകിയതോടെ ഡല്‍ഹിയിലേക്കുള്ള ധാന്യങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയവയുടെ വരവ് നിലച്ചു തുടങ്ങി. കോര്‍പ്പറേറ്റുകളുമായി പക്ഷം ചേര്‍ന്ന് വിവാദ ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭരണ കര്‍ത്താക്കളുടേയും രാഷ്ട്രീയ നേക്കാക്കളുടേയും തീന്‍ മേശകളല്‍ നിന്ന് പോലും രുചിയേറിയ വിഭവങ്ങള്‍ വൈകാതെ പുറത്താകും. കര്‍ഷക സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ ഒരുപക്ഷേ അത് വലിയ ഭക്ഷ്യ ക്ഷാമത്തിന് തന്നെ വഴി വച്ചേക്കാമെന്ന് ഭരിക്കുന്നവര്‍ അറിയണം. ഇവിടെ വാശിയല്ല, അനുരഞ്ജനമാണ് ആവശ്യം.

പണ്ട് ഈജിപ്തിലുണ്ടായ ഭക്ഷ്യ ക്ഷാമത്തെക്കുറിച്ച് ബൈബിളില്‍  വിവരിക്കുന്നുണ്ട്.   സമ്പല്‍ സമൃദ്ധിയുടെ നാളുകള്‍ക്ക് ശേഷം നീണ്ട ഏഴ് വര്‍ഷങ്ങള്‍ ദേശത്ത് അതി രൂക്ഷമായ ക്ഷാമം ഉണ്ടാകും എന്ന് മനസിലാക്കിയ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരാണാധികാരികള്‍ കര്‍ഷകരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും നാട് മുഴുവന്‍ സംഭരണ ശാലകള്‍ സ്ഥാപിച്ച് ധാന്യങ്ങള്‍ ശേഖരിച്ച് വയ്ക്കുകയും ചെയ്തു.  ക്ഷാമം വന്നെങ്കിലും  നാട്ടുകാര്‍ക്കും അയല്‍ നാട്ടുകാര്‍ക്കും ഭക്ഷിക്കാനുള്ള ധാന്യങ്ങള്‍ ഈജിപ്തുകാരുടെ സംഭരണ ശാലകളില്‍ ധാരാളമുണ്ടായിരുന്നു.

ഇത്തരത്തില്‍ ബുദ്ധിമാന്മാരായ ഭരണാധികാരികള്‍ ഇന്ത്യയിലും കര്‍ഷകരെ പ്രോത്സാഹിപ്പിച്ചിരുന്നു. കര്‍ഷകരും പട്ടാളക്കാരുമാണ് ഭാരതത്തിന്റെ ജീവനാഡികള്‍ എന്ന്  തിരിച്ചറിഞ്ഞ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെപ്പോലുള്ള പ്രധാനമന്ത്രിമാര്‍ 'ജയ് ജവാന്‍, ജയ് കിസാന്‍' മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചു.  ഹരിത വിപ്ലവവും ധവള  വിപ്ലവുമായി കര്‍ഷകര്‍ മണ്ണിനോട് മല്ലിട്ട് മണ്ണില്‍ കനകം വിളയിച്ചു.  കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വലിയ വലിയ സംഭരണ  ശാലകള്‍  സ്ഥാപിച്ചു.

കര്‍ഷകന്‍ അവനാവശ്യമുള്ള കാര്‍ഷികവിളകളും ധാന്യങ്ങളും സൂക്ഷിച്ച് വച്ചതിന് ശേഷം, ബാക്കി വന്നവ വില്‍ക്കാന്‍ പുറത്തേക്കിറങ്ങി.  അവിടെ അവന്‍ മറ്റ് കൃഷിക്കാരെ കണ്ടു. അവര്‍ ഒന്നുചേര്‍ന്ന് പരസപരം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു.  അത്തരം സ്ഥലങ്ങള്‍ക്ക് മണ്ടികള്‍ (ചന്ത സ്ഥലം) എന്ന്  പേരും കിട്ടി. ക്രമേണ ചന്തകള്‍ വിപുലമായി. ആ സ്ഥലങ്ങളില്‍ റോഡുകളും പാലങ്ങളും വന്നു. അങ്ങനെ ആ പ്രദേശങ്ങള്‍ വികസിച്ച് പട്ടണങ്ങളായി മാറി.

2020 ല്‍ കര്‍ഷക നന്മയ്ക്കായി അവതരിപ്പിക്കപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന കാര്‍ഷിക ബില്‍, ഈ പരമ്പരാഗത സംവിധാനങ്ങളെ തകിടംമറിക്കും എന്നാണ്  കര്‍ഷകരുടെ ഭയം.  സംഭരണ ശാലകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. കാലാ കാലങ്ങളില്‍ നഷ്ടം സഹിച്ചിരുന്ന കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ താങ്ങുവിലയും  ഇനി ഉണ്ടാവില്ല. മണ്ടികള്‍ നിര്‍ത്തുന്നില്ലെങ്കിലും അവ താനെ വിസ്മൃതിയാലാണ്ടു പോകും.

പുതിയ ബില്ല് അനുസരിച്ച് ഇ ട്രേഡിംഗ് മുഖേന കര്‍ഷകന് അവന്റെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാം,  വന്‍കിട വ്യവസായികള്‍ തന്നെയായിരിക്കും ഇ ട്രേഡിംഗ് സംവിധാനത്തിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.  ഇവിടെ ഒരപകടം പതിയിരിപ്പുണ്ട്.  ആദ്യമൊക്കെ സാമാന്യം ഭേദപ്പെട്ട വില നല്‍കി അവര്‍ കര്‍ഷകരില്‍ നിന്നും  ഉല്‍പ്പന്നങ്ങള്‍ വാങ്ങും. അങ്ങനെ  കര്‍ഷകന്‍ ചന്തകളില്‍ പോകാതെയാകും. ഇതോടെ ചന്തകള്‍ നിര്‍ജ്ജീവമാകും. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി ചന്തകളില്‍ വില്‍ക്കുന്ന ചെറുകിട വ്യാപാരികളും ചരക്ക് ഗതാഗത സംവിധാങ്ങളും അവതാളത്തിലാകും. അങ്ങനെ പരമ്പരാഗത വിപണന ശൃംഖല തകരുന്നതോടെ വന്‍കിട വ്യാപാരികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക് ഇഷ്ടമുള്ള സമയത്ത് കര്‍ഷകരില്‍ നിന്ന് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. കര്‍ഷകരായിരിക്കില്ല,  കോര്‍പ്പറേറ്റുകളായിരിക്കും അപ്പോള്‍ വില നിശ്ചയിക്കുക. കാരണം അവര്‍ ആശ്രയിച്ചിരുന്ന ഇട നിലക്കാരോ, ചെറുകിട വ്യാപാരികളോ, ചന്തകളോ തകര്‍ന്ന് പോയിട്ടുണ്ടാവണം.

ഒരുവശത്ത് റിലയന്‍സ്, ബിര്‍ളാ ഗ്രൂപ്പുകള്‍ ഇ ട്രേഡിംഗ് സംവിധാനങ്ങളും ഗോഡൗണുകളുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത് കര്‍ഷക സമരം അനുദിനം കനക്കുകയാണ്. ദില്ലിക്ക് ചുറ്റും കര്‍ഷകര്‍ കടുത്ത പ്രക്ഷോഭത്തിലാണ്. അവര്‍  ഇന്ന് കണ്ണീരൊഴുക്കുന്നത് നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ്. കാര്‍ഷിക മേഖലയില്‍ നമ്മള്‍ സ്വയം പര്യാപ്തമായില്ലെങ്കില്‍ നാളെ പട്ടിണിയുടെ വലിയ ഒരു രോദനം ഇന്ത്യയില്‍ നിന്നുയരും. കര്‍ഷകരെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരോടൊപ്പം നില്‍ക്കാനും നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയണം.

ജോ കാവാലം

എന്താണ്  കാർഷിക ബിൽ 2020? എന്തിനാണ് കർഷകർ സമരം ചെയ്യുന്നത്? കേന്ദ്രസർക്കാർ എന്താണ് പറയുന്നത്? നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://cnewslive.com/news/395/farmersbill2020





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.