കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല

 കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍ നിന്ന് ആളുകളെ മാറ്റുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തം ഉണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണ് തീയണയ്ക്കാനും സ്ഥിതി നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞത്. സമീപ വാര്‍ഡുകളിലെ അറുപതോളം രോഗികളെയും നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

നിലവില്‍ മറ്റു പ്രശ്നങ്ങളില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ആളപായം ഉണ്ടാവുകയോ ചെയ്തിട്ടില്ല. കെട്ടിടത്തില്‍ വയറിങ്ങിന് ആവശ്യമായ സാധനങ്ങള്‍ സംഭരിച്ചു വെച്ചിരുന്നിടത്താണ് തീ പടര്‍ന്നത്. എന്താണ് അപകടത്തിന് കാരണമെന്ന് അന്വേഷിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

കോട്ടയത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.