മുഖ്യമന്ത്രിയുടെ സുരക്ഷ; നാല് വയസുകാരന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് എസ്‌ഐ

മുഖ്യമന്ത്രിയുടെ സുരക്ഷ; നാല് വയസുകാരന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞ് എസ്‌ഐ

കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ നാല് വയസുകാരന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ പൊലീസ് തടഞ്ഞതായി ആക്ഷേപം. കാലടി കാഞ്ഞൂരില്‍ ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തി.

ഇന്ധനവിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വന്‍ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതല്‍ ഒരുക്കിയിട്ടുള്ളത്. വഴിയില്‍ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്.

അതിനിടയിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാന്‍ നാല് വയസുകാരന് മരുന്ന് വാങ്ങാന്‍പോയ പിതാവിനെയും തടഞ്ഞത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്റെ നാല് വയസുള്ള കുഞ്ഞിന് പനി ശക്തമായത്.

ഞായറാഴ്ച ആയതിനാല്‍ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരില്‍ കട കടണ്ടുപിടിച്ചത്. മരുന്ന് വാങ്ങാന്‍ വാഹനം നിര്‍ത്താന്‍ നോക്കിയപ്പോള്‍ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം.

പൊലീസ് നിര്‍ദ്ദേശം പാലിച്ച് ഒരു കിലോമീറ്റര്‍ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയില്‍ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു എന്ന് ശരത് പറഞ്ഞു.

ശരത്തിനെയും സഹോദരനെയും എസ്‌ഐ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ മരുന്ന് കട ഉടമ മത്തായിയും സ്ഥലത്ത് എത്തി. വിഷയത്തില്‍ ഇടപെട്ടപ്പോള്‍ തന്റെ കട അടച്ച് പൂട്ടിക്കുമെന്നായിരുന്നു പൊലീസിന്റെ വെല്ലുവിളി.

മരുന്ന് പോലും വാങ്ങാന്‍ സമ്മതിക്കാതെ പൊലീസ് നടത്തിയ ഈ സുരക്ഷാ ക്രമീകരണം നാട്ടുകാരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ ശരത് ആലുവ പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.